കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്ഐക്ക് സസ്‌പെൻഷൻ. മറ്റൊരു ഓട്ടോ ഡ്രൈവറെ മാസങ്ങൾക്ക് മുൻപ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് എസ്ഐ പി അനൂപിനെതിരെ നടപടി എടുത്തത്. അബ്ദുൽ സത്താറിന്റെ ഓട്ടോ എസ്ഐ കസ്റ്റഡിയിൽ എടുത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
ഓട്ടോ ഡ്രൈവർ നൗഷാദിനെ അനൂപ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ജൂണിലെ മർദ്ദന ദൃശ്യങ്ങളാണ് ഇത്. ബലം പ്രയോഗിച്ച് നൗഷാദിനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരാതിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് പരാതിയെന്നോ പരാതിയുടെ ഗൗരവം വിശദീകരിക്കാനോ എസ്‌ഐ തയ്യാറാവുന്നില്ല. യാത്രക്കാരന്‍ നല്‍കിയ പരാതിയിലാണ് നടപടി എടുക്കാൻ ശ്രമിക്കുന്നതെന്ന് അനൂപ് ദൃശ്യങ്ങളിൽ പറയുന്നുണ്ട്.
എസ്‌ഐ അനൂപിനെതിരെ നൗഷാദ് പോലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാർ നൽകിയ പരാതിയില്‍ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ കണ്ടുവെന്നും ഇതിന് ശേഷം ഫോണ്‍ എടുക്കാൻ സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട തൻ്റെ ഓട്ടോയുടെ അടുത്തേക്ക് പോയപ്പോള്‍ അനൂപ് എത്തി മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.
എസ് ഐ അനൂപ് സ്ഥിരമായി ഓട്ടോ തൊഴിലാളികളെ മർദ്ദിക്കാറുണ്ടെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ ആഭ്യന്തര വകുപ്പ് നടപടി എടുത്തത്. അബ്ദുള്‍ സത്താറിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമുയർന്നതിന് പിന്നാലെ അനൂപിനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു.
പെറ്റി കേസിൽ എസഐ അനൂപ് ഓട്ടോ കസ്റ്റഡിയിൽ എടുത്തിട്ട് നാല് ദിവസം സ്റ്റേഷനിൽ കയറി ഇറങ്ങിയിട്ടും വിട്ട് നൽകാത്തതിനെ തുടർന്ന് കുടുംബം പട്ടിണി ആയെന്ന് കാണിച്ച് സമൂഹ മാധ്യമത്തിൽ വിഡിയോ പങ്കുവെച്ചാണ് അബ്ദുൽ സത്താർ ആത്മഹത്യ ചെയ്തത്.
പോലീസിലെ ഉന്നതരുടെ കള്ളക്കടത്ത് ബന്ധവും വഴിവിട്ട ഇടപാടുകളും പുറത്ത് വന്നതിന് പുറമെ നിരന്തരം പരാതികൾ ഉയരുന്നത് ആഭ്യന്തര വകുപ്പിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.