അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ കസ്റ്റഡിമരണം റിപ്പോര്‍ട്ട് ചെയ്തു. മംഗരോള്‍ കൂട്ടബലാത്സംഗക്കേസിലെ പ്രതി ശിവശങ്കര്‍ ചൗരസ്യ ആണ് മരിച്ചത്. ഹൃദയാഘാതമാണ് ഇയാളുടെ മരണത്തിന്‍രെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ കൂടുതല്‍ കാര്യങ്ങളറിയാന്‍ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നുവെന്നും ഉടന്‍ തന്നെ സൂറത്ത് സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. വെന്റിലേറ്ററിലായിരുന്ന പ്രതി പിന്നീട് മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുറച്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കുറ്റകൃത്യത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുജറാത്തില്‍ നിന്നുള്ള മൂന്ന് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.
സൂറത്ത് ക്രൈംബ്രാഞ്ച് മാണ്ഡവിയിലെ തഡ്കേശ്വര്‍ ഗ്രാമത്തിലേക്ക് പ്രതികളെ കണ്ടെത്താനായി ഉടന്‍ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ പിടികൂടാന്‍ പോലീസ് എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നെരെ അവര്‍ വെടിയുതിര്‍ത്തു. കേസിലെ രണ്ട് പ്രതികളായ മുന്ന കര്‍ബാലി പാസ്വാന്‍, ദയാശങ്കര്‍ ചൗരസ്യ എന്ന ശിവ ശങ്കര്‍ എന്നിവരെ പിടികൂടിയപ്പോള്‍ മൂന്നാമന്‍ രാജു രക്ഷപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ, ശിവ് ശങ്കര്‍ ചൗരസ്യയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു, ഉച്ചയ്ക്ക് 1:30 ഓടെ കാമരാജ് ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി. നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
ആരോഗ്യനില വഷളായതിന്റെ കാരണം കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. അതേസമയം മറ്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കുട്ടിയും സുഹൃത്തും നടന്നുവരുമ്പോഴാണ് ഇവര്‍ ആക്രമിച്ചത്. കുറ്റകൃത്യം ചെയ്യുന്നതിനുമുമ്പ് അക്രമികള്‍ ഇരയുടെ സുഹൃത്തിനെ ആക്രമിക്കുകയും ഓടിക്കുകയും ചെയ്തു. ഇരയുടെ സുഹൃത്ത് വിവരമറിയിച്ചപ്പോള്‍ പ്രദേശവാസികള്‍ ഓടിയെത്തുകയും അര്‍ദ്ധനഗ്നനായ നിലയില്‍ പരിക്കേറ്റ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇരയുടെയും സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകളും അക്രമികള്‍ അപഹരിച്ചിരുന്നു.