അൻവറിന്റെ പോരാട്ടത്തിൽ തെറിച്ചത് 11 പോലീസുകാർ

നിലമ്പൂർ എം എൽ എ പി വി അൻവറും സർക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് തുടരുകയാണ്. കേരള പോലീസിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു പി വി അൻവർ പോരാട്ടത്തിനിറങ്ങിയത്. എ ഡി ജി പിക്കെതിരെ വരെ കടുത്ത ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. അങ്ങനെ ഒരുമാസത്തിനിടെ കേരള പൊലീസിൽ ചില്ലറ മാറ്റമല്ല ഉണ്ടായിരിക്കുന്നത്. അൻവറിന്റെ ആരോപണങ്ങൾ മൂലം കേരള പൊലീസിൽ 11 ഉയർന്ന ഓഫിസർമാർക്കാണ് സ്ഥാനനഷ്ടം സംഭവിച്ചിരിക്കുന്നത്.

8 ഡിവൈഎസ്പിമാർ ആണ് മലപ്പുറം ജില്ലയിൽ നിന്നു പുറത്തേക്കു തെറിച്ചത്. അൻവറിന്റെ ആരോപണങ്ങളെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന എസ്. ശശിധരനെ വിജിലൻസിലേക്കു മാറ്റിയത്. എസ്പി സുജിത്ദാസിനെ സസ്പെൻഡ് ചെയ്തു. ഒടുവിൽ, അൻവർ തുടക്കം മുതൽ എതിർത്ത എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു വരെ മാറ്റി. അതേസമയം, പി.വി.അൻവർ എല്ലാത്തിനും തുടക്കമിട്ടത് എസ്പി സുജിത്ദാസിന്റെ റിക്കോർഡ് ചെയ്ത ഫോൺ സംഭാഷണം പുറത്തുവിട്ടായിരുന്നു.

മലപ്പുറം എസ്പി എസ്.ശശിധരനെതിരെ പരാതിയുമായി പലവട്ടം ആഭ്യന്തരവകുപ്പിനെ അൻവർ സമീപിച്ചിരുന്നു. തുടർന്നാണ് കലാപത്തിന് തുടക്കമിട്ടത്. എസ്പി ശശിധരനെ കൂടി മാറ്റിയാൽ പ്രശ്നം അവസാനിക്കുമെന്നു കരുതിയാണ് ശശിധരനെ കൊച്ചി വിജിലൻസിലേക്കു മാറ്റിയത്. കൂടാതെ അൻവറിന്റെ തുറന്നു പറച്ചിലിനെത്തുടർന്ന് സുജിത്ദാസിനെ സസ്പെൻഡ് ചെയ്തേ പറ്റൂ എന്ന സ്ഥിതിയായി. അൻവറിന്റെ നീക്കങ്ങളിൽ ആദ്യം തന്നെ മുഖ്യമന്ത്രിക്ക് അനിഷ്ടമുണ്ടായിരുന്നു. എന്നാൽ ഭരണകക്ഷി എംഎൽഎ എന്ന ആനുകൂല്യം നൽകിയാണ് സംഭവവുമായി നേരിട്ടും അല്ലാതെയും ബന്ധമില്ലാതിരുന്ന 8 ഡിവൈഎസ്പിമാരെയും നടപടിക്കു വിധേയമാക്കിയത്.

ഡിവൈഎസ്പിമാരായ പി.അബ്ദുൽ ബഷീർ, മൂസ വള്ളിക്കാടൻ (സ്പെഷൽ ബ്രാഞ്ച്), എ.പ്രേംജിത് (മലപ്പുറം സബ് ഡിവിഷൻ), സജു കെ.ഏബ്രഹാം (പെരിന്തൽമണ്ണ), കെ.എം.ബിജു (തിരൂർ), പി.ഷിബു (കൊണ്ടോട്ടി), പി.കെ.സന്തോഷ് (നിലമ്പൂർ), വി.വി.ബെന്നി (താനൂർ) എന്നിവരെ തൃശൂർ, കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണു സ്ഥലംമാറ്റിയത്. എന്തായാലും, അൻവറിനെ ആശ്വസിപ്പിക്കുന്നതിനാണ് മലപ്പുറം ജില്ലയിലെ 8 ഡിവൈഎസ്പിമാരെയും മാറ്റാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത് എന്നത് വ്യക്തമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments