സംസ്ഥാനത്തെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് ശ്രീലേഖ പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ. സംസ്ഥാന അധ്യക്ഷൻ ഈശ്വര വിലാസത്തിലുള്ള വീട്ടിലെത്തിയാണ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഷാള്‍ അണിയിച്ച ശേഷം താമര പൂവ് നല്‍കിയാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ശ്രീലേഖ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത് രണ്ട് വർഷം മുൻപാണ്. സര്‍വ്വീസില്‍ ഉള്ളപ്പോള്‍ തന്നെ ഇടത് സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിക്കാതെയായിരുന്നു വിരമിക്കൽ.
ചേര്‍ത്തല എഎസ്പിയായി ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായി ചുമതല വഹിച്ചിട്ടുണ്ട്. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകളും വഹിച്ചു. ഡിജിപി റാങ്കിൽ ഫയര്‍ഫോഴ്‌സ് മേധാവിയായി സേവനം അനുഷ്ഠിക്കവെയാണ് വിരമിച്ചത്.
അടുത്തിടെ ശ്രീലേഖ രചിച്ച ‘ബലിപഥം’ എന്ന നോവൽ മാതൃഭൂമി ബുക്ക്സ് പ്രകാശനം ചെയ്തിരുന്നു. മഹാബലിയുടെ ഐതീഹ്യം മറ്റൊരു കണ്ണിലൂടെ നോക്കി കാണുന്ന നോവലാണിത്.