കൊച്ചി: ലോക്കൽ ഗുണ്ട ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി അന്വേഷണ സംഘം. നാളെ രാവിലെ 10 മണിക്ക് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനാണ് നിര്‍ദ്ദേശം. അന്വേഷണ സംഘം നേരിട്ടാണ് നോട്ടീസ് നൽകിയത്. ഇരുവരും ഓം പ്രകാശിനെ ഹോട്ടൽ മുറിയിൽ സന്ദർശിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ.
ഓംപ്രകാശിൻ്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പ്രയാഗ മാര്‍ട്ടിൻ്റെയും ശ്രീനാഥ് ഭാസിയുടെയും പേരുണ്ട്. ഇരുവരുടെയും സന്ദർശന ഉദ്ദേശമാകും പ്രധാനമായും അന്വേഷണ സംഘം അന്വേഷിക്കുക. പ്രയാഗയുടെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് നോട്ടീസ് കൈമാറിയത്.
ഈ രണ്ട് സിനിമാ താരങ്ങൾക്ക് പുറമെ 20 ലധികം ആളുകൾ ഓം പ്രകാശിനെ സന്ദർശിച്ചിട്ടുണ്ട്. ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ച ഘട്ടത്തില്‍ തന്നെ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിൻ്റെയും പേര് പൊലീസ് ശ്രദ്ധിച്ചിരുന്നു. ഇരുവരും തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സമ്മതിക്കുകയും ചെയ്തു. ഏത് പശ്ചാത്തലത്തിലാണ് ഈ സിനിമ താരങ്ങള്‍ക്ക് ഗുണ്ടാ നേതാവുമായി ബന്ധം പുലർത്തേണ്ടി വരുന്നത്, മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും..