ജാട്ട് സമുദായവും ജിലേബിയും, ഇവ രണ്ടുമായിരുന്നു ഹരിയാന തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ കോണ്‍ഗ്രസ് ചൂടോടെ വിളമ്പിയത്. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മധുരിച്ചത് മറുപക്ഷത്തുള്ള ബിജെപിക്കാണെന്ന് മാത്രം. രാവിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളിലായിരുന്ന, ജിലേബി ഉച്ചയോടെ തന്നെ ബിജെപി ഓഫീസുകളിലെത്തി. ഭരണവിരുദ്ധവികാരമെന്ന ഏണിയില്‍ കയറി ഭരണം പിടിക്കാമെന്ന് കരുതിയ രാഹുല്‍ ഗാന്ധിക്കും കൂട്ടർക്കും കണക്കുകൂട്ടലാകെ തെറ്റി.
90 മണ്ഡലങ്ങളില്‍ 48ലും വിജയിച്ച് ബിജെപി ഹാട്രിക്ക് ജയം നേടിയിരിക്കുകയാണ്. എന്നാൽ ബിജെപിയുമായി ഒപ്പത്തിനൊപ്പം വോട്ടുപിടിച്ചിട്ടും എന്തുകൊണ്ടു തോറ്റുവെന്നു കോൺഗ്രസുകാർ പോലും പരസ്പരം ചോദിക്കുകയാണ്. ഹരിയാനയിൽ കോൺഗ്രസ് തോൽവിയുടെ 4 കാരണങ്ങൾ നമുക്ക് നോക്കാം.
ഭൂപീന്ദർ ഹൂഡ ചിന്തിച്ചിടത്താണ് ഹരിയാനയിൽ കോൺഗ്രസ് നിന്നത്. അങ്ങനെ ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ പോലും നടപ്പാക്കാൻ പ്രയാസമുണ്ടായി. ഇന്ത്യാസഖ്യമായി മത്സരിക്കാനുള്ള നിർദേശം ഇതിനു ഒരു ഉദാഹരണം മാത്രം. ഹൂഡയുടെ ഏകപക്ഷീയ തീരുമാനങ്ങളിൽ മുറിവേറ്റ്, അതൃപ്തി പരസ്യമാക്കിയിറങ്ങിയതും കുമാരി സെൽജയാണ്. അങ്ങനെ ചേരിതിരിഞ്ഞു പോരടിക്കുന്ന നേതാക്കളുടെ കൂടാരമാണ് ഹരിയാനയെന്നതു തിരഞ്ഞെടുപ്പിനിടെ തന്നെ കൂടുതൽ വെളിവായി. സ്വന്തം ശക്തി ഉറപ്പിക്കാനുള്ള പോരാട്ടം പ്രത്യേക റാലികളിലും സ്ഥാനാർഥി നിർണയത്തിലും തുടങ്ങിയപ്പോൾ പ്രചാരണത്തിലും അതു പ്രതിഫലിച്ചു. സെൽജ രണ്ടാഴ്ച പ്രചാരണത്തിൽനിന്നു വിട്ടുനിൽക്കുക പോലും ചെയ്തു.
രണ്ടാമതായി ഹൂഡയെ മുന്നിൽനിർത്തിയുള്ള പോരാട്ടത്തോടെ ജാട്ട്–ജാട്ടിതര ധ്രൂവീകരണം ശക്തിപ്പെട്ടു. വീണ്ടും ജാട്ട് നേതാവ് മുഖ്യമന്ത്രിയാകുമെന്ന പ്രതീതിയിൽ ജാട്ടിതര വോട്ടുകൾ കോൺഗ്രസിന് എതിരായി. കൂടാതെ ദലിത് നേതാവായ സെൽജയെ പാർട്ടിയിൽ ഒതുക്കുന്നുവെന്ന പ്രതീതിയും ഐഎൻഎൽഡി–ബിഎസ്പി, ജെജെപി–എഎസ്പി എന്നിവർ നടത്തിയ രാഷ്ട്രീയ പരീക്ഷണവും കോൺഗ്രസിനെ സഹായിക്കേണ്ടിയിരുന്ന ദലിത് വോട്ടുകൾ അകലാൻ കാരണമായി. മുഖ്യമായും ഒബിസി വോട്ടുകളെ ആശ്രയിച്ച ബിജെപി നില ഭദ്രമാക്കി എന്ന് തന്നെ പറയാം.
മൂന്നാമതായി പാർട്ടിയിലെ അസംതൃപ്തി തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേ തുടങ്ങി എന്നതാണ്. ഹൂഡയ്ക്കെതിരെ കലാപക്കൊടി ഉയർത്തി മുതിർന്ന നേതാവ് കിരൺ ചൗധരിയും മകളും പാർട്ടി വിട്ടത് ഇതിനു ഉദാഹരണമാണ്. ഹൂഡയ്ക്കൊപ്പമുള്ളവർക്കു മാത്രം സീറ്റെന്ന സ്ഥിതിയിൽ അതൃപ്തി ശക്തമാകുകയും ചെയ്തു. ഹരിയാനയുടെ ചുമതല വഹിച്ച AICC ജനറൽ സെക്രട്ടറി ദീപക് ബാബ്രിയ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന പരാതി ഉയർന്നു.
അതിനെല്ലാം ഉപരിയായി സ്ഥാനാർഥിമോഹികളായി 2,565 അപേക്ഷയും എത്തി. സീറ്റ് കിട്ടാത്തവർ സ്വതന്ത്ര സ്ഥാനാർഥികളായി മാറുകയോ പാലംവലിക്കുകയോ ചെയ്തു. അമിത ആത്മവിശ്വാസത്തോടെ പെരുമാറിയ നേതൃത്വം വിമതരെ അനുനയിപ്പിക്കുന്നതിൽ വീഴ്ച വരുത്തി. അതോടൊപ്പം ലോക്സഭയിലെ മികച്ച വിജയം കോൺഗ്രസിനെ കൂടുതൽ അലസരാക്കിയെന്ന വിമർശനവുമുണ്ട്.
അതേസമയം, നാലാമതായി എഐസിസിയുടെ നേരിട്ടുള്ള നിരീക്ഷകരും പരിശീലകരുമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ പരമ്പരാഗത ശക്തിയായ ഡിസിസികൾ, ബ്ലോക്ക്–മണ്ഡലം കമ്മിറ്റികൾ തുടങ്ങിയ സംഘടനസംവിധാനമില്ലാതെയാണ് ദീർഘകാലമായി ഹരിയാനയിൽ കോൺഗ്രസിന്റെ പ്രവർത്തനം. പിസിസി അധ്യക്ഷനും ഭാരവാഹികളും ഹൂഡ പക്ഷക്കാരായതോടെ ഓരോ നേതാവിനെയും ചുറ്റിയുള്ള ആൾക്കൂട്ടമായി പാർട്ടി മാറി.
കൂടാതെ, കർഷകപ്രശ്നങ്ങൾ, ഗുസ്തി താരങ്ങളോടുള്ള അവഹേളനം, അഗ്നിപഥ് പദ്ധതി തുടങ്ങിയ വിഷയങ്ങൾ കൊണ്ടുമാത്രം ഭരണത്തിലെത്തുമെന്നു വിശ്വസിച്ച നേതൃത്വം, യഥാർഥ വെല്ലുവിളികൾ കണ്ടില്ല. ബിജെപിക്കെതിരായ നേർക്കുനേർ മത്സരത്തിലൂടെ ഉത്തരേന്ത്യയിൽ ശക്തമായ തിരിച്ചുവരവിനുള്ള സുവർണാവസരമാണ് അതുവഴി കോൺഗ്രസിനു നഷ്ടമായത്. 2018നു ശേഷം ഹിമാചൽപ്രദേശിലൊഴികെ ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തും കോൺഗ്രസിനു തനിച്ചു ജയിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ലോക്സഭാ ഫലവും മറ്റു സാഹചര്യങ്ങളും അനുകൂലമായിരിക്കെയാണ് ഈ വീഴ്ച.