തിരുപ്പൂര്‍: തിരുപ്പൂരില്‍ വീടിനുള്ളില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു. പാണ്ഡ്യന്‍ നഗറിലാണ് സംഭവം. ക്ഷേത്രോത്സവങ്ങളില്‍ ഉപയോഗിക്കാനായി അനധികൃതമായി ഉണ്ടാക്കിയ പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരാണ് മരണപ്പെട്ടത്. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അനധികൃത പടക്ക യൂണിറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വീട്ടുടമ കാര്‍ത്തികിനെയും ഭാര്യാസഹോദരന്‍ ശരവണകുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈറോഡ് ജില്ലയിലെ നമ്പിയൂരിലെ എലുമത്തൂരിലെ കുമാര്‍ (39), പാണ്ഡ്യന്‍ നഗര്‍ സ്വദേശിനിയായ 10 മാസം പ്രായമുള്ള എ ആലിയ ഷിറിന്‍ എന്നിങ്ങനെ മരിച്ച രണ്ട് പെരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഒരു സ്ത്രീയെ തിരിച്ചറിഞ്ഞില്ല.
പാണ്ഡ്യന്‍ നഗറിലെ പൊന്നമ്മാള്‍ നഗര്‍ സ്വദേശി കാര്‍ത്തിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഫോടനം നടന്ന ഇരുനില വീട്. ഒന്നാം നിലയിലെ മൂന്ന് മുറികള്‍ ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി വാടകയ്ക്ക് നല്‍കിയിരുന്നു. ഭാര്യ സത്യപ്രിയയ്ക്കും കോളേജില്‍ പഠിക്കുന്ന രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം താഴത്തെ നിലയിലാണ് കാര്‍ത്തിക് താമസിച്ചിരുന്നത്. കാര്‍ത്തികിന്റെ ഭാര്യാസഹോദരന്‍ ഈറോഡ് ജില്ലയിലെ നമ്പിയൂരിലെ ഇരുങ്ങല്ലൂരില്‍ ശരവണകുമാറിന് അതേ പ്രദേശത്ത് പടക്ക നിര്‍മാണ യൂണിറ്റ് ഉണ്ടായിരുന്നു. യൂണിറ്റിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചെന്നും ജൂലൈയില്‍ ശരവണകുമാര്‍ പുതുക്കാന്‍ അപേക്ഷിച്ചെന്നും അധികൃതര്‍ പറഞ്ഞു.
എന്നിരുന്നാലും, അദ്ദേഹം അനധികൃതമായി പടക്കങ്ങള്‍ നിര്‍മ്മിക്കുന്നത് തുടരുകയും സമീപ ഗ്രാമങ്ങളിലെ ക്ഷേത്രോത്സവങ്ങളില്‍ ഉപയോഗിക്കുന്നതിന് വില്‍ക്കുകയും ചെയ്തിരുന്നു. കാര്‍ത്തിക്കിന്റെ വീട് ഇതിനായി ഉപയോഗിച്ചു. ചൊവ്വാഴ്ച രാവിലെ കാര്‍ത്തിക്കും മക്കളും തൊഴിലാളികളും പുറത്തു പോയിരുന്നു, സത്യപ്രിയ വീട്ടിലുണ്ടായിരുന്നു. വീടിന്റെ താഴത്തെ നിലയില്‍ കുമാര്‍ പടക്കനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് രാവിലെ 11.55 ഓടെ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ മുന്‍വശത്തെ പലചരക്ക് കട പൂര്‍ണമായും തകര്‍ന്നു, സ്ഫോടനത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു
. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുടുങ്ങിയ കുമാറിനെയും സത്യപ്രിയയെയും പുറത്തെടുത്തത്. ഇരുവര്‍ക്കും സാരമായ പരിക്കേറ്റു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന ആലിയ ഷിറിന്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡും (ബിഡിഡിഎസ്) ഫോറന്‍സിക് വിദഗ്ധരും നടത്തിയ തിരച്ചിലില്‍ ഏതാനും സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.