KeralaNewsTechnology

ഗണിത-കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ഡോ. എം.എസ്.ടി. നമ്പൂതിരി അന്തരിച്ചു

മരങ്ങാട്ടുപിള്ളി: ഗണിത-കംപ്യൂട്ടർ സാങ്കേതികശാസ്ത്ര വിദഗ്ധനും സാഹിത്യകാരനുമായ മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ. ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരി (92) അന്തരിച്ചു. ആറ് പതിറ്റാണ്ടുമുമ്പ് അമേരിക്കയിലെത്തിയ അദ്ദേഹം ഡാലസിനടുത്ത് മെക്കിനിയിൽ കുടുംബസമേതമായിരുന്നു താമസം. കുറച്ചുനാളുകളായി വിശ്രമജീവിതമാരംഭിച്ചിട്ട്.

ശങ്കരൻ നമ്പൂതിരിയുടെയും ഗംഗാദേവി അന്തർജനത്തിന്റെയും മകനാണ് ഡോ എം എസേ ടി നമ്പൂതിരി. കൗമാരക്കാലത്ത് നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണങ്ങളിലും പങ്കുചേർന്നിരുന്നു. പിതാവിൻ്റെ അടുക്കൽനിന്ന് സംസ്‌കൃതവും കുറിച്ചിത്താനവും ശ്രീകൃഷ്ണവിലാസം പ്രൈമറി സ്‌കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും നേടി. പാലാ സെയ്ന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി ഉപരിപഠനവും പൂർത്തിയാക്കി. കാലടി ശ്രീ ശങ്കരാചാര്യ കോളേജിലും കോഴിക്കോട് ഫാറൂഖ് കോളേജിലും അധ്യാപകനായിരുന്നു.

1963-ൽ അമേരിക്കയിൽ എത്തി. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, വിസ്‌കോൻസെൻ യൂണിവേഴ്സിറ്റി, ഇല്ലിനോയ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്ന് പിഎച്ച്.ഡി.യും കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. പിന്നീട് അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്തു.1974-ൽ യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിന്റെ ട്രെയിലർ ക്യാംപസിൽ എത്തി. അവിടെ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് ഡിപ്പാർട്‌മെന്റ് മേധാവിവരെയായി. എൻ.വി. കൃഷ്ണവാര്യരുടേയും പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരിയുടെയും അടുത്ത സുഹൃത്തായിരുന്നു.

ഭാര്യ: യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന സരസ്വതി അന്തർജനം മാവേലിക്കര ചീരവള്ളി ഇല്ലം അംഗമാണ്. മക്കൾ: ഡോ. മായ, ഇന്ദു (കെമിക്കൽ എൻജിനീയർ). മരുമകൻ: വിജയ് ശരദേഷ് പാണ്ഡേ. സഹോദരങ്ങൾ: എം.എസ്. നാരായണൻ നമ്പൂതിരി, എം.എസ്. ശങ്കരൻ നമ്പൂതിരി, എം.എസ്. ദാമോദരൻ നമ്പൂതിരി, ആര്യാദേവി അന്തർജനം, അമ്മിണി അന്തർജനം, ശാരദ അന്തർജനം, പരേതരായ ശ്രീദേവി അന്തർജനം, എം.എസ്. ശ്രീധരൻ നമ്പൂതിരി, എം.എസ്. കൃഷ്ണൻ നമ്പൂതിരി. സംസ്‌കാരം അമേരിക്കയിൽ പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *