തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന ആരോപണം ശരിവയ്ക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവാദ പ്രസ്ഥാനത്തിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നു എന്ന ആരോപണത്തെക്കുറിച്ച് സഭയിൽ ഉയർന്ന ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ഐഎസ്‌ഐഎസ് പോലുള്ള തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് നടത്തുന്നു എന്ന ആരോപണത്തിന് എന്തെങ്കിലും തെളിവോ സ്ഥിരീകരണമോ ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു ഇബ്രാഹിം ഉന്നയിച്ച ചോദ്യം. ഇത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ഉപചോദ്യമായി ചോദിച്ചു.
എന്നാൽ സംസ്ഥാനത്ത് ഐഎസ്‌ഐഎസ് പോലുള്ള തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന ആരോപണം സ്ഥിരീകരിക്കാൻ യാതൊരു തെളിവും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ള തീവ്രവാദ ചിന്താഗതിയുള്ള ചില വ്യക്തികൾ ഐഎസ്‌ഐഎസിൽ ചേരാൻ കേരളത്തിൽ നിന്നും പാലായനം ചെയ്തിട്ടുണ്ടെന്ന് സംബന്ധിച്ച വിഷയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി.