KeralaNews

165 മരണം സ്ഥിരീകരിച്ചു, 400 വീടുകള്‍ തകർന്നു! രക്ഷാദൗത്യം തുടരുന്നു | Wayanad Landslide

പാതിരാത്രിയില്‍ മലപൊട്ടിയിറങ്ങിയ ദുരന്തത്തില്‍ ഉള്ളുലഞ്ഞ് വയനാടും കേരളമാകെയും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 165 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തന്നെ തുടങ്ങി. മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈയില്‍ മാത്രം 400 വീടുകള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളതില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 40 ല്‍ താഴെ മാത്രമാണ്.

രണ്ടാംദിനത്തിലും തകർന്ന വീടുകളില്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടുകിട്ടുന്നത്. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് നടക്കുന്നത്.

98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ പറയുന്നത്. വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും.

ചാലിയാറിലൂടെ 38 കിലോമീറ്റർ ഒഴുകി നിലമ്പൂരിൽ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങൾ ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആണ്. 211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളിൽ നിന്ന് കിട്ടിയിരിക്കുന്നത്.

തിരച്ചിലിനു സഹായിക്കാന്‍ മറ്റു ജില്ലകളില്‍നിന്നു പൊലീസ് ഡ്രോണുകള്‍ ഇന്നെത്തിക്കും. മെറ്റല്‍ ഡിറ്റക്റ്ററുകളുമെത്തും. മൃതദേഹങ്ങള്‍ തിരഞ്ഞു കണ്ടുപിടിക്കാന്‍ പൊലീസ് നായ്ക്കളെയും എത്തിക്കും. സൈന്യത്തിന്റെ നായ്ക്കളെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ബംഗളൂരുവില്‍നിന്നു കരസേനാവിഭാഗവും ഇന്നെത്തും.

നിരവധിപേര്‍ ഇനിയും ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക. ഇതുവരെ 129 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രാപകല്‍ ഭേദമില്ലാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. പരിക്കേറ്റ 200 ലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *