വലിയ നഷ്ട്ടങ്ങൾക്കു ശേഷമാണ് വിനേഷ് ഫോഗട്ട് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്, അത് എന്തായാലും വെറുതെയുമായില്ല. ജൂലാനയിൽ കോൺഗ്രസ് ജയിച്ചു കയറി, ജനങ്ങൾ വിനേഷിനൊപ്പവും നിന്നു.
എന്നാൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപിയുടെ മുൻ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ് രംഗത്ത് എത്തിയിരിക്കുകയാണ്. വിനേഷ് ഫോഗട്ട് എവിടെപ്പോയാലും അവിടം നശിക്കുമെന്നായിരുന്നു ബ്രിജ് ഭൂഷൺ മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ചത്. ഹരിയാനയിൽ വിനേഷ് ജയിച്ചെങ്കിലും കോൺഗ്രസ് തോറ്റുപോയതായും ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു.
ഹരിയാന തിരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽനിന്നാണ് വിനേഷ് ഫോഗട്ട് ജയിച്ചുകയറിയത്. കഴിഞ്ഞ തവണ കോൺഗ്രസിന് 10% വോട്ടുപോലും കിട്ടാതിരുന്ന മണ്ഡലമായിരുന്നു ജുലാന. ബിജെപിയുമായി നേർക്കുനേർ പോരാടിയ വിനേഷ് 6015 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. വിനേഷിന് 65,080 വോട്ടുകൾ ലഭിച്ചു. ഈ വിജയം ബിജെപിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ റെസ്ല്ലിങ് ഫെഡറേഷൻ പ്രസിഡൻ്റ് ആയിരുന്ന ബ്രിജ് ഭൂഷൺനെതിരെ സമരം ചെയ്തിരുന്നു തുടർന്ന് ബ്രിജ് ഭൂഷന് സ്ഥാനവും നഷ്ട്ടപ്പെട്ടു.
‘‘ഈ ഗുസ്തി താരങ്ങൾ ഹരിയാനയുടെ ഹീറോ അല്ല. വില്ലൻമാരാണ്. ജൂനിയർ താരങ്ങളുടെ കരിയറിലെ വില്ലൻമാരാണ് അവർ. വിനേഷ് എൻ്റെ പേര് ഉപയോഗിച്ച് ജയിച്ചിട്ടുണ്ടെങ്കിൽ എൻ്റെ കരുത്താണ് അതു കാണിച്ചുതരുന്നത്. ഞാനാണ് വിനേഷിനെ വിജയിക്കാൻ സഹായിച്ചത്. വിനേഷ് ഏതു സ്ഥലത്തു പോയാലും അവിടം നശിച്ചുപോകും.’’– ബ്രിജ് ഭൂഷൺ പറഞ്ഞു.