ഇന്നലെ കണ്ടത് സാമ്പിൾ വെടിക്കെട്ട് ! ഇടതിന്റെ പൊയ്മുഖം വലിച്ചുകീറാൻ കോൺഗ്രസ്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപണമുയര്‍ത്തി മുപ്പത്തിരണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരായി സര്‍ക്കാർ നടപടിയെടുത്തിരിക്കുന്നത്. നിയമസഭാ സമ്മേളനം നടക്കുമ്പോഴും അൻവറും എ ഡി ജി പി അജിത് കുമാറും പൂരം കലക്കലും തന്നെയാണ് പ്രധാന ചർച്ച വിഷയം. സർക്കാരിന്റെ ഇപ്പോഴത്തെ നടപടി മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.

ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെയെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി സ്വകാര്യവാഹനത്തില്‍ പോയി കണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചത് സെപ്റ്റംബര്‍ നാലിനായിരുന്നു. കൂടാതെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് രാം മാധവിനെയും അജിത് കുമാര്‍ കണ്ട വിവരം പുറത്തായി. പക്ഷേ, ആരോപണങ്ങളുടെ പേരില്‍ മാത്രം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയെയാണ് കേരളം പിന്നീട്‌ കണ്ടത്.

ഇതിനിടെ അന്‍വര്‍ അനധികൃത സ്വത്തുസമ്പാദനവും കോഴിക്കോട്ടെ മാമി തിരോധാനവുമടക്കം നിരവധി പുതിയ ആരോപണങ്ങള്‍ അജിത്തിനെതിരെ കൊണ്ടുവന്നു. എന്നാൽ ഒന്നും മുഖ്യമന്ത്രി കേട്ട ഭാവം നടിച്ചില്ല. ഒരു മാസമായപ്പോഴേയ്ക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. പൂരം നടത്തിപ്പില്‍ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി ഷേക്ക് ദര്‍വേഷ് സാഹിബ് തന്നെ റിപ്പോര്‍ട്ടു നല്‍കി. പിഴവുകൾ ചൂണ്ടിക്കാട്ടിയിട്ടും അജിത് കുമാറിന് സംരക്ഷണം നൽകിയെന്നാണ് ഡി ജി പി ആരോപിച്ചിരിക്കുന്നത്.

അങ്ങനെ ഒടുവിൽ നിവൃത്തികേടിലാണ് മുഖ്യൻ അജിത് കുമാറിനെതിരെ ഒന്ന് വിരലനക്കാൻ തയാറായത്. എന്നാൽ സസ്‌പെൻഷനിൽ കഴിയുന്ന എസ് പി സുജിത് ദാസിനും അജിത്തിനും രണ്ടുതരം നീതിയാണെന്നു പോലീസ് തലപ്പത്ത് തന്നെ സംസാരമുണ്ട്. കൂടാതെ, ശിക്ഷ നടപടിയുടെ ഭാഗമായി ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെങ്കിലും അജിത് കുമാറിന്റെ സർവീസിന് ദോഷം വരാതിരിക്കാൻ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

അന്വേഷണറിപ്പോര്‍ട്ട് കിട്ടിയിട്ട് നടപടി എന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഞായറാഴ്ച രാത്രിയില്‍ ഒപ്പുവെച്ച ഉത്തരവില്‍ അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്നും മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്. നടപടി ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതിന് എന്നാണു സൂചന. അതിനാൽ തന്നെ അജിത്കുമാർ സായുധബറ്റാലിയന്‍ എ.ഡി.ജി.പിയായി തുടരും. എന്നാൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ അജിത് കുമാറിന്റെ കാര്യത്തില്‍ ഇത്രയും കരുതല്‍ കാട്ടുന്നത് എന്ന ചോദ്യം ഘടകകക്ഷികളെ അസ്വസ്ഥമാക്കുന്നുണ്ട്. ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐ, അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. പക്ഷേ, ഓരോ മുട്ടാപോക്ക് ന്യായങ്ങൾ പറഞ്ഞ് നടപടി ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്.

തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോടു തോറ്റ വി.എസ് സുനില്‍കുമാര്‍ തുടക്കം മുതല്‍ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ഗൂഢാലോചന ആരോപിച്ചിരുന്നു. ഹൊസബലെയെ അജിത് കണ്ടുവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെ പൂരം കലക്കിയതിനു പിന്നില്‍ സി.പി.എമ്മും ആര്‍.എസ്.എസ്സും തമ്മിലുള്ള അന്തര്‍ധാര ആണെന്നും അജിത്തിന്റെ സ്വകാര്യ സന്ദര്‍ശനം മുഖ്യമന്ത്രിയുടെ ദൂതുമായിട്ടായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിനു പുറമേയായിരുന്നു നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍.

കൂടാതെ സി.പി.ഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും മറ്റു നേതാക്കളും മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്തെങ്കിലും അണികള്‍ അത്ര സന്തുഷ്ടരല്ല. ഒരു ചുമതല എടുത്തു മാറ്റുന്നതിനായിരുന്നോ ഒരു മാസത്തിലധികം സമയമെടുത്തതെന്ന് അണികൾ പോലും ചോദിക്കുന്നത്. അതേസമയം, നിയമസഭയില്‍ നിസ്സഹകരിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടിക്ക് തയ്യാറായതെന്നും ചില സൂചനകളുണ്ട്. ഇപ്പോള്‍ നടക്കുന്ന സി.പി.എമ്മിന്റെ യൂണിറ്റ് സമ്മേളനങ്ങളില്‍ അജിത് കുമാറും പൂരം കലക്കലും അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളുമൊക്കെ സജീവമായ ചര്‍ച്ചയാകുന്നുണ്ട്.

എന്തായാലും, വളരെ വൈകിയെത്തിയ ഈ നാമമാത്ര നടപടി സര്‍ക്കാരിനെതിരായ സംഘപരിവാര്‍ ബന്ധ ആരോപണങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സാധ്യത. അജിത് കുമാറിന്റെ ക്രമസമാധാനച്ചുമതല മാറ്റിയ വാര്‍ത്ത വന്നപ്പോള്‍ പ്രതിപക്ഷനേതാവ് സതീശനും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതികരിച്ച ഭാഷയുടെ മൂര്‍ച്ചയില്‍ അതു വ്യക്തമാണ്. നിയമസഭ ചേരുന്നതിന്റെ തലേന്ന് രാത്രി ഒന്‍പത് മണിക്ക് എ.ഡി.ജി.പിയെ നീക്കിയത് ഭയം കൊണ്ടാണെന്നും മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പിയെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിട്ടതെന്നും സതീശന്‍ ആരോപിക്കുകയുണ്ടായി.

എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനില്‍ നിലനിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി കരുതല്‍ കാട്ടിയെന്നാരോപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നിയമസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമറ സൃഷ്ടിക്കാനുമുള്ള ചട്ടപ്പടി നടപടിയാണെടുത്തിട്ടുള്ളതെന്നും ആക്ഷേപിച്ചു. അതിനാൽ തന്നെ ഈ സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെ നിയമസഭയില്‍ കണ്ടത് സാമ്പിള്‍ വെടിക്കെട്ട് എന്നുവേണം കരുതാന്‍. എന്തായാലും വരുംദിവസങ്ങളിലും ഭരണ-പ്രതിപക്ഷങ്ങളുടെ ഏറ്റുമുട്ടലില്‍ തീപ്പൊരി ചിതറുമെന്നുറപ്പ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments