ലോക്നാഥ് ബെഹ്റക്ക് 2024 സെപ്റ്റംബർ വരെ 1,04,89,654 രൂപ ശമ്പളമായി നൽകിയെന്ന് മുഖ്യമന്ത്രി. ഡിജിപി തസ്തികയിൽ നിന്ന് വിരമിച്ച ബെഹ്റയെ 2021 ആഗസ്ത് 30 നാണ് പിണറായി കൊച്ചി മെട്രോ എം.ഡി ആയി നിയമിച്ചത്.
3 വർഷത്തേക്കായിരുന്നു നിയമന കാലാവധി. 2024 സെപ്റ്റംബർ 30 ന് കാലാവധി കഴിഞ്ഞിട്ടും വിശ്വസ്തനായ ബെഹ്റയെ പിണറായി കൈവിട്ടില്ല. ഒരു വർഷത്തേക്ക് കൂടി ബെഹ്റയുടെ കാലാവധി പിണറായി നീട്ടി നൽകി. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെയും കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെയും പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിൽ ആയതിനാൽ ബെഹ്റയുടെ സേവനം അനിവാര്യമാണെന്നാണ് കാലാവധി നീട്ടുന്നതിന് കാരണമായി പിണറായി പറഞ്ഞത്.
കേന്ദ്ര സർക്കാരിൻ്റെ അനുമതിയോട് കൂടിയാണ് ബെഹ്റയുടെ കാലാവധി നീട്ടിയതെന്നും മുഖ്യമന്ത്രി നിയമസഭ മറുപടിയിൽ വ്യക്തമാക്കുന്നു. റോജി എം. ജോൺ എംഎൽഎ ആണ് ചോദ്യം ഉന്നയിച്ചത്. കേരളത്തിൽ ഐസിസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്ന ഡി.ജി.പി പദവിയിൽ നിന്ന് വിരമിച്ച ശേഷം ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയത് വിവാദം ആയിരുന്നു.
വിവാദ പ്രസ്താവന നടത്തിയിട്ടും പിണറായി ബെഹ്റയെ കൈവിട്ടില്ല. വിശ്വസ്തനെ കൊച്ചി മെട്രോയുടെ തലപ്പത്ത് പ്രതിഷ്ടിക്കുകയായിരുന്നു പിണറായി. കേന്ദ്രത്തിനും പിണറായിക്കും ഇടയിലെ പാലമാണ് ബെഹ്റ എന്ന ആരോപണം പ്രതിപക്ഷം പല ഘട്ടങ്ങളിലും ഉയർത്തിയിരുന്നു. ബെഹ്റയുടെ കാലാവധി നീട്ടാൻ കേന്ദ്രം അനുമതി നൽകിയതും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്.