ന്യു ഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ വൈകുന്നതിൽ ബാഹ്യ ഇടപെടൽ ആരോപിച്ച് കോൺഗ്രസ്. വൈകുന്നേരം ആകുമ്പോഴും ഹരിയാനയിൽ 90 സീറ്റിൽ 11 സീറ്റിൽ അവസാന ഫലം പ്രഖ്യാപിച്ചത്. ഇതിൽ 8 സീറ്റിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചു. 3 സീറ്റിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. 90 സീറ്റുള്ളതിൽ 79 ലും വോട്ടെണ്ണൽ പുരോഗമിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വൈകുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ബിജെപി സ്വാധീനം ചെലുത്തുന്നത് കൊണ്ടാണെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് ഫലസൂചനകൾ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ രണ്ടു മണിക്കൂറായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. വോട്ടെണ്ണൽ ആദ്യപകുതി ആയപ്പോൾ തന്നെ ബിജെപിയുടെ ഇടപെടൽ ആരോപിച്ച് കോൺഗ്രസ് വക്താവ് ജയറാം രമേശ് രംഗത്ത് എത്തിയിരുന്നു.
കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും ജയറാം രമേശ് സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുകയാണോയെന്നും ജയറാം രമേശ് സംശയം ഉന്നയിച്ചു. അതേസമയം, തോൽക്കുമ്പോൾ വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നത് കോൺഗ്രസിൻ്റെ പതിവ് പല്ലവിയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
നിലവിലെ വോട്ടെണ്ണൽ പുരോഗമനം പ്രകാരം 49 സീറ്റിൽ ബിജെപിയും 36 സീറ്റിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. എന്നാൽ ഫലം വന്ന സീറ്റുകളുടെ എണ്ണം എടുക്കുമ്പോൾ കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങൾ. അവസാന റൗണ്ട് വോട്ടെണ്ണൽ വൈകുന്നുവെന്നു ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിൽ കമ്മീഷൻ വീഴ്ച വരുത്തുന്നു എന്നുമാണ് കോൺഗ്രസ് ആരോപണം ഉയർത്തുന്നത്.