അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച 62 കാരന് 102 വർഷം തടവ്

കുട്ടിയുടെ മുത്തച്ഛന്റെ ജ്യേഷ്ഠനാണ് ശിക്ഷിക്കപ്പെട്ടത്.

Pocso

തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 62-കാരനായ ബന്ധുവിന് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയുടെ അദ്ധ്യക്ഷതയിലാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. കുട്ടിയുടെ മുത്തച്ഛന്റെ ജ്യേഷ്ഠനാണ് ശിക്ഷിക്കപ്പെട്ടത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു.

2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ, കുട്ടി കളിക്കാനായി ബന്ധുവിന്റെ വീട്ടിൽ പോയപ്പോഴാണ് പ്രതി പീഡനകൃത്യം നടത്തിയതെന്ന് ആരോപണമുണ്ട്. കുട്ടി വേദനകൊണ്ട് കരഞ്ഞപ്പോൾ പ്രതി ഭീഷണിപ്പെടുത്തുകയും, പുറത്ത് പറഞ്ഞാൽ ഭീഷണി നൽകുമെന്നും പറഞ്ഞതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ പ്രതിയേക്കുറിച്ച് കുട്ടി മോശമായി പറയുന്നത് അമ്മൂമ്മ കേട്ടിരുന്നു. ഇവർ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെ കുറിച്ച് പറഞ്ഞത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യഭാഗം പരിശോധിച്ചപ്പോൾ ഗുരുതരമായ മുറിവുകൾ കണ്ടെത്തിയതോടെ കഠിനംകുളം പോലീസിനെയും ഡോക്ടറെയും വിവരമറിയിക്കുകയായിരുന്നു.

പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹനും അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷും ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു, 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ.എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവർ ചേർന്നാണ് കേസിന്റെ അന്വേഷണം നടത്തിയത്.

പ്രതി നടത്തിയ ക്രൂരമായ പ്രവൃത്തിയായതിനാൽ ഇയാൾ ദയ അർഹിക്കുന്നില്ലന്ന് വിധിന്യായത്തിൽ പറഞ്ഞു. പ്രതി സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ പീഡനകൃത്യം നടത്തിയതിനാൽ കൂടുതൽ കഠിനമായ ശിക്ഷ നൽകുന്നതാണ് അനുയോജ്യമെന്ന് വിധിയിൽ വ്യക്തമാക്കി. കൂടാതെ, കുട്ടിക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ നിർദ്ദേശമുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments