
സുരേന്ദ്രനോട് മത്സരിക്കാന്‍ പറഞ്ഞത് മോദി; തോറ്റാലും തക്കതായ പ്രതിഫലം ഉറപ്പ്
ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞയാഴ്ച്ചയാണ് സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതാക്കള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
രാഹുല്‍ഗാന്ധിയെ പ്രചാരണത്തിന് വയനാട്ടില്‍ തന്നെ തളച്ചിടുകയും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറയ്ക്കുകയുമാണ് കെ. സുരേന്ദ്രനിലൂടെ ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. കെ. സുരേന്ദ്രനുവേണ്ടി പ്രചാരണം നടത്താന്‍ ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ മുതല്‍ കേന്ദ്രനേതാക്കള്‍ വരെയുള്ളവര്‍ വയനാട്ടില്‍ എത്തും.
ഉടനെ അധ്യക്ഷ സ്ഥാനം ഒഴിയില്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇപ്പോഴുള്ള സംസ്ഥാന നേതൃത്വത്തിന്റെ കാലാവധി കഴിയുകയാണ്. അപ്പോള്‍ സുരേന്ദ്രന് അർഹമായ സ്ഥാനം നല്‍കുമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഘടനയിലെ സർക്കാരിലോ സുരേന്ദ്രന് അർഹമായ പരിഗണന ഉറപ്പാക്കും. രാജ്യസഭാ എംപി സ്ഥാനവും കേന്ദ്രമന്ത്രിസഭയിൽ അംഗത്വവും ഉൾപ്പെടെ പാർട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ കൂടി പങ്കെടുത്ത യോഗത്തിലാണ് സുരേന്ദ്രന്റെ സ്ഥാനാർഥിത്വവും അന്തിമമാക്കിയത്.
ദേശീയതലത്തില്‍ ബിജെപിക്ക് വോട്ട് ശതമാനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളും മോദി മുന്നോട്ടുവെച്ചിട്ടുണ്ട്. ഓരോ ബൂത്തിലും 350ലേറെ വോട്ടുകള്‍ ഉറപ്പാക്കണമെന്നാണ് മോദിയുടെ നിർദ്ദേശം. ദേശീയതലത്തില്‍ ബിജെപിക്ക് ലഭിക്കുന്ന വോട്ട് വെറും 35 ശതമാനമാണെന്നും രാജ്യത്തെ പകുതിയിലേറെ ആളുകളും ബിജെപിക്ക് എതിരെയാണ് വോട്ട് ചെയ്യുന്നതെന്ന് ആക്ഷേപത്തിന് അറുതി വരുത്താനാണ് മോദിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎയ്ക്കായി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്. അന്ന് 78,816 വോട്ടു മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. 2014ൽ 80,712 വോട്ടു ലഭിച്ച സ്ഥാനത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിക്കു വോട്ടു കുറഞ്ഞത്.
‘രാഹുലിനെതിരെ ശക്തമായി പോരാടും’, വയനാട്ടില്‍ പെര്‍മനെന്റ് വിസയെന്ന് കെ സുരേന്ദ്രന്‍
വയനാട്ടില്‍ ഇന്ത്യ സഖ്യത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. പാര്‍ട്ടി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിക്കുകയും രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ വന്ന് മത്സരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കും. വയനാട് വ്യക്തിപരമായിട്ട് വളരെ അധികം ബന്ധമുള്ള മണ്ഡലമാണ്. പൊതുജീവിതം ആരംഭിച്ചത് വയനാട്ടില്‍ നിന്നാണ്. വയനാട് ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്- സുരേന്ദ്രന്‍ പറഞ്ഞു.
”തീര്‍ച്ചയായിട്ടും ഇതെന്റെ മണ്ണാണ് മറ്റ് രണ്ട് സ്ഥാനാര്‍ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. എനിക്ക് ഇവിടെ പെര്‍മനെന്റ് വിസയാണ് ശക്തമായിട്ടുള്ള മത്സരം ഉണ്ടാകും. കഴിവിന്റെ പരമാവധി ചെയ്യും. ശക്തമായിട്ടുള്ള മത്സരം കാഴ്ചവെക്കും, ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുമെന്നത് ഉറപ്പാണെന്നും” കെ സുരേന്ദ്രന്‍ പറഞ്ഞു.
”പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വളരെ ഭാരിച്ച ഉത്തരവദിത്തമാണ്. പൂര്‍ണ സന്തോഷത്തോടു കൂടി ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വികസന വിരുദ്ധ രാഷ്ട്രീയത്തിനെതിരെ മത്സരിക്കാന്‍ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷാ യോടും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡയോടും നന്ദി അറിയിക്കുന്നു. സുരേന്ദ്രന്‍ പറഞ്ഞു.