സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹമോചനം സംബന്ധിച്ച വിവാദം രാഷ്ട്രീയ രംഗത്തേക്കും വ്യാപിക്കുന്നു. തെലങ്കാന മന്ത്രി കൊണ്ടാ സുരേഖയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നാഗ ചൈതന്യയുടെ ഔദ്യോഗിക പ്രതികരണം ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹമോചനം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് തെലങ്കാന മന്ത്രി കൊണ്ടാ സുരേഖ കഴിഞ്ഞയാഴ്ച നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ സിനിമാലോകത്തെ പല പ്രമുഖരും രംഗത്ത് വന്നിരുന്നു.
സാമന്തയും ഉള്‍പ്പെടെ പ്രസ്താവനയെ അപലപിച്ചവരില്‍ നാഗ ചൈതന്യയുടെ ഔദ്യോഗിക പ്രതികരണമായിരുന്നു ആരാധകര്‍ ഏറെ കാത്തിരുന്നത്. എന്നാല്‍, ചൈതന്യയുടെ പ്രസ്താവനയില്‍ സാമന്തയുടെ പേര് പരാമര്‍ശിക്കാത്തത് ആരാധകരെ നിരാശരാക്കി.
ചൈതന്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പില്‍, മുന്‍ ഭാര്യയോടും കുടുംബത്തോടും ബഹുമാനം കൊണ്ടാണ് ഇത്തരം ആരോപണങ്ങളില്‍ നിശബ്ദത പാലിച്ചതെന്ന് വ്യക്തമാക്കുകയുണ്ടായി. അദ്ദേഹം പ്രസ്താവനയില്‍ മന്ത്രിയുടെ വാക്കുകൾ ലജ്ജാകരമാണെന്ന് വിശേഷിപ്പിച്ചു.
സാമന്തയെ ‘മുമ്പത്തെ പങ്കാളി’ എന്ന് പരാമർശിച്ച് സാമന്തയോട് കാണിച്ചത് വലിയ അനാദരവാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് സംബന്ധിച്ച് നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
2017ല്‍ വിവാഹിതരായ സാമന്തയും നാഗ ചൈതന്യയും 2022ല്‍ വിവാഹമോചനം നേടിയിരുന്നു. അതിന് ശേഷം നാഗ ചൈതന്യ അടുത്തിടെയാണ് നടി ശോഭിത ദുലിപാലയുമായി വിവാഹം പ്രഖ്യാപിച്ചത്. വളരെ സ്വകാര്യമായ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം ഓഗസ്റ്റില്‍ നടന്നിരുന്നു.