CinemaNational

നടി പാർവതി നായർക്കും 7 പേർക്കെതിരെ കേസെടുത്ത് ചെന്നൈ പോലീസ്

ചെന്നൈ: നടി പാർവതി നായർക്കെതിരെ കേസെടുത്ത് ചെന്നൈ പോലീസ്. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് നടിക്കെതിരെ കേസെടുത്തത്. 2022 ഒക്ടോബറില്‍ ചെന്നൈയിലെ നുങ്കമ്പക്കത്തുള്ള നടിയുടെ വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച്‌ നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിൻ്റെ പരാതി.

ഇയാള്‍ നടിയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു. പരാതിയെ തുടർന്ന് നടി പാർവതി നായർ, നിർമ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.നുങ്കമ്പക്കത്തെ തൻ്റെ വീട്ടില്‍ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സുഭാഷ് ചന്ദ്രബോസ് എന്ന യുവവിനെ സംശയം ഉണ്ടെന്നും അന്ന് നടിയും നുങ്കമ്പക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു.

നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച്‌ മനസിലാക്കിയതിനു പിന്നാലെ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും സുഭാഷ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. പരാതി നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ച്‌ കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയില്‍ ഹർജി നല്‍കിയിരുന്നു.

കോടതി നിർദേശപ്രകാരമാണ് ഇപ്പോള്‍ പാർവതിക്കും നിർമ്മാതാവ് രാജേഷിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നഷ്ടമായ പണം വീണ്ടെടുക്കാൻ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാർവതി പ്രതികരിച്ചു. വീട്ടില്‍ മോഷണം നടന്നുവെന്ന് ബോധ്യമായ ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല എന്നും നടി പാർവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *