നിയമസഭയിൽ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ നേർക്കുനേർ തർക്കം. പ്രതിപക്ഷ എംഎൽഎമാർ ഉന്നയിച്ച നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങളെ, അതായത് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ഉത്തരം തരേണ്ട ചോദ്യങ്ങളെ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയ നടപടിക്കെതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
എന്നാൽ ഈ ചോദ്യങ്ങൾക്ക് പൊതുപ്രാധാന്യമില്ല. അഭ്യൂഹങ്ങൾ, പ്രാദേശിക താൽപര്യം എന്നൊക്കെ പറഞ്ഞാണ് സ്പീക്കർ നക്ഷത്ര ചിഹ്നം ഒഴിവാക്കിയത്. വർഗീയ ശക്തികളുടെ ഇടപെടൽ, എ.ഡി.ജി.പി – ആർ.എസ്.എസ് കൂടിക്കാഴ്ച്ച, തൃശൂർ പൂരം തടസ്സപ്പെട്ട സംഭവം, എഡിജിപിക്കെതിരെയുള്ള ആരോപണം, പി. ശശിക്കെതിരെയുള്ള ആരോപണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളെയാണ് സ്പീക്കർ പ്രാധാന്യം കുറച്ചത്. ഇതിരെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ഇതിനെതിരെ സഭയിൽ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾക്കെതിരെ സ്പീക്കർ രംഗത്തെത്തി. നിങ്ങളിലാരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ ചോദിച്ചു. ഇത് സ്പീക്കറുടെ പക്വതയില്ലായ്മയാണെന്ന് തിരിച്ചടിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി എംബി രാജേഷും പിന്നീട് മുഖ്യമന്ത്രിയും രംഗത്തെത്തി. ഇതോടെ സ്പീക്കർക്കെതിരെ പറഞ്ഞ കാര്യങ്ങൾ സഭാരേഖകളിൽ നിന്ന് ഒഴിവാക്കുമെന്ന് സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.
ഷംസീർ ഒരു മിത്താകുന്നു.