ലെബനന്‍: ഹിസ്ബുള്ളയ്‌ക്കെതിരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ഹിസ്ബുള്ള കമാന്‍ഡര്‍മാരെയും സൈനിക ഉപകരണങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണം മുതല്‍ ഫലസ്തീനികളെ പിന്തുണച്ച് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തുന്നുണ്ട്. ഹിസ്ബുള്ളയും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള പ്രതിദിന വെടിവയ്പ്പ് തുടരുകയാണ്.
കഴിഞ്ഞയാഴ്ച, പ്രമുഖ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയെ കൊലപ്പെടുത്തിയ ആക്രമണത്തിന് ശേഷം തെക്കന്‍ ലെബനനിലേക്ക് ഇസ്രായേല്‍ കര ഓപ്പറേഷന്‍ ആരംഭിച്ചു. 2006ലെ യുദ്ധത്തിന് ശേഷം ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും രൂക്ഷമായ പോരാട്ടമാണിത്. ഒമ്പത് ഇസ്രായേലി സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 440 ഹിസ്ബുള്ള പോരാളികളെ കൊന്നതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.
ബെയ്‌റൂട്ട് വിമാനത്താവളത്തിന് സമീപം ഇസ്രായേല്‍ ആക്രമണം നടത്തിയതായി ലെബനന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തലസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിന് സമീപമുള്ള ബെയ്‌റൂട്ടിലെ ഏക വിമാനത്താവളത്തിന് സമീപം തിങ്കളാഴ്ച ഇസ്രായേല്‍ ആക്രമണം നടത്തിയതായി ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.