വയനാട്ടിൽ രാഹുലിനെ കടത്തിവെട്ടാൻ പ്രിയങ്കാ ഗാന്ധി

വയനാട് ലോക്സഭാ മണ്ഡലവും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞടുപ്പ് നടക്കുക.

Rahul Gandhi and Priyanka Gandhi

രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കാഗാന്ധിയാകും കോൺഗ്രസ് സ്ഥാനാർത്ഥി. വരുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക രാഹുലിന് കിട്ടിയതിൽ കൂടുതൽ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. 364422 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിനെ വയനാട്ടുകാർ തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണ രാഹുലിനോട് തോറ്റ ആനി രാജയെ പോലുള്ള ദേശീയ നേതാക്കളെ ഇറക്കി മത്സരം കടുപ്പിക്കാം എന്നാണ് സിപിഐയുടെ പ്രാഥമിക ചർച്ചകൾ. അതേസമയം പൊതു സ്വതന്ത്രരെ ഇറക്കാനും ഇടതുമുന്നണി ആലോചിക്കുന്നുണ്ട്. ബിജെപി ശോഭാ സുരേന്ദ്രനെ മത്സര രംഗത്ത് ഇറക്കുമെന്നാണ് സൂചന.

കേരളത്തിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലും ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നണികൾ നീക്കം നടത്തുന്നു. വയനാട് ലോക്സഭാ മണ്ഡലവും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞടുപ്പ് നടക്കുക. വയനാട്ടിൽ രാഹുൽ ഗാന്ധി ഒഴിഞ്ഞ സീറ്റിലേക്കും, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലെ എംഎൽഎ മാരായിരുന്ന കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും ലോക്സഭയിൽ എംപിമാരായ ഒഴിവിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുക.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷയിൽ നിയമസഭാ സമ്മേളനം നേരത്തെ അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. മുൻനിശ്ചയിച്ചതിൽ നിന്ന് മൂന്ന് ദിവസം മുൻപേ നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പ് അരികിലെത്തിയതോടെ പരിഗണനയിലുള്ള സ്ഥാനാർത്ഥികളുടെ പേരുകളും പുറത്ത് വന്നുതുടങ്ങി.

ലോക്സഭാ തെരഞ്ഞടുപ്പിൽ കെ രാധാകൃഷ്ണന് എതിരെ മത്സരിച്ച് തോറ്റ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന് ചേലക്കരയിൽ സീറ്റ് നൽകുമെന്ന അഭ്യുഹം ശക്തമാണ്. പ്രാദേശിക എതിർപ്പുകൾ മറികടന്നാൽ മാത്രമേ ഇത് സാധ്യമാകൂ. അതേസമയം സിപിഎമ്മിന് വേണ്ടി മുൻ എംഎൽഎ യു ആർ പ്രദീപ് മത്സരിക്കുമെന്നാണ് സൂചന. ബിജെപി ടി എൻ സരസുവിന് ഒരവസരം കൂടി നൽകാനാണ് സാധ്യത.

ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ജയിച്ച് ലോക്സഭയിൽ എംപി ആയതോടെ പാലക്കാട് നിയമസഭാ സീറ്റിലേക്കും മത്സരം ഉണ്ടാകും. ഈ സീറ്റ് നിലനിർത്തുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് പ്രധാനമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരും ഇവിടേക്ക് പരിഗണിക്കുന്നുണ്ട്. എന്നാൽ പ്രാദേശിക എതിർപ്പുകൾ ഇവിടെയും പ്രധാന ഘടകം ആയേക്കും. ഒരുപക്ഷെ മുതിർന്ന നേതാക്കളെ തന്നെ പരിഗണിക്കാനും സാധ്യതയുണ്ട്.

പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി കടുത്ത മത്സരമായിരുന്നു. പാലക്കാട് പൊതുസമ്മതനായ ഷാഫി ലോക്സഭയിലേക്ക് പോയ സാഹചര്യത്തിൽ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. തൃശൂരിൽ ലോക്സഭാ സീറ്റ് നേടാനായത് കേരളത്തിലെ ബിജെപി പ്രവർത്തകരെ സംബന്ധിച്ച് വലിയ ആവേശമായിരുന്നു. ഇത് പാലക്കാട് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാകും ബിജെപി ആലോചന. സി കൃഷ്ണകുമാർ, ഇ കൃഷ്ണദാസ് തുടങ്ങിയ പേരുകളാണ് പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥികളായി ഉയർന്നു വരുന്നത്. ഒരുപക്ഷെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ തന്നെ ഇറക്കാനും ബിജെപി ശ്രമിച്ചേക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments