Cinema

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഫസ്റ്റ് ലുക്ക് പുറത്ത്

സംവിധായകൻ, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ എം. എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി. അബ്ദുൽ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത് ഷൈൻ ടോം ചാക്കോയാണ്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം തുടങ്ങിയ ഇടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നു.

ചിത്രത്തിന്റെ പേരിൽ സൂചിപ്പിക്കുന്നതുപോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ‘ഒരു അന്വേഷണത്തിന്റെ തുടക്കം.’ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിനെ നോക്കി നിൽക്കുന്ന തരത്തിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.

എം. എ. നിഷാദ്, തന്റെ പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ ഡയറിയിൽ രേഖപ്പെടുത്തിയ ഒരു അന്വേഷണത്തെ അടിസ്ഥാനമാക്കി രൂപീകരിച്ച കഥയാണ് ഇതെന്ന് പറയുന്നു. കുഞ്ഞിമൊയ്തീൻ, ക്രൈം ബ്രാഞ്ച് എസ്. പി. ആയും ഇടുക്കി എസ്. പി. ആയും സേവനം അനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനാണ്, കൂടാതെ ദീർഘസേവനത്തിന് പ്രസിഡന്റിൽ നിന്ന് രണ്ട് തവണ സ്വർണ്ണ മെഡൽ നേടിയ വ്യക്തിയുമാണ്.

വാണി വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, അനുമോൾ തുടങ്ങിയവർക്കൊപ്പം 64 താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം വിവേക് മേനോൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം എം. ജയചന്ദ്രൻ, പശ്ചാത്തല സംഗീതം മാർക്ക് ഡി മൂസ് എന്നിവരുടേതാണ്.

Leave a Reply

Your email address will not be published. Required fields are marked *