പിണറായിയുടെ അടിവേരിളക്കി വി.ഡി. സതീശൻ

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ആർഎസ്എസ് നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച്ച നടത്തിയ കാര്യം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

Vd Satheesan and Pinarayi vijayan

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉന്നത ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയ വിവരം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തൽ വന്നതോടെ ഇക്കാര്യം എഡിജിപി അജിത്കുമാർ തന്നെ ഏറ്റുപറയുകയും ചെയ്തു. സ്വകാര്യ സന്ദർശനമെന്ന് പറഞ്ഞ് നിസ്സാര വത്കരിക്കാനായിരുന്നു സർക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം. എന്നാൽ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഒടുവിൽ പേരിനൊരു നടപടിയെങ്കിലും സ്വീകരിക്കേണ്ടി വന്നത്.

ലോ ആൻ്റ് ഓർഡറില്‍ നിന്ന് മാറ്റി നിർത്താതെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാത്രമാണ് അജിത്കുമാറിനെ മാറ്റിയിരിക്കുന്നത്. ബറ്റാലിയൻ എഡിജിപിയെന്ന നിലവിലെ ചുമതലയില്‍ തുടരാൻ അജിത്കുമാറിന് സാധിക്കും. ഇതൊരു ശാശ്വതമായ നടപടിയായും കാണാൻ സാധിക്കില്ല. അജിത്കുമാറിനെ എന്തിനാണ് മാറ്റിയതെന്ന വിശദീകരണവും സർക്കാർ ഉത്തരവിലില്ല.

സംസ്ഥാന പോലീസ് മേധാവിയെക്കാൾ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്രയിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു എഡിജിപി അജിത് കുമാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന സുപ്രധാന കസേരയിലിരുന്ന് പോലീസിനെ നിയന്ത്രിച്ചിരുന്നത് അജിത് കുമാറായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ആജ്ഞകൾ ശിരസ്സാവഹിച്ചിരുന്ന എഡിജിപിയെ കൈവിടാതിരിക്കാൻ മുഖ്യമന്ത്രിക്ക് സാധ്യമായതെല്ലാം ചെയ്തിരുന്നു. പക്ഷേ, അടുത്ത ദിവസം നിയമസഭയിൽ പ്രതിഷേധിക്കുമെന്ന സിപിഐയുടെ നിലപാടാണ് ഞായറാഴ്ച്ച രാത്രി തന്നെ എഡിജിപിയുടെ ചുമതല മാറ്റി ഉത്തരവിറക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനെതിരെയുള്ള രഹസ്യ വിവരം പരസ്യപ്പെടുത്തിയതിലൂടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ വി.ഡി. സതീശൻ പരസ്യപ്പെടുത്തിയത് ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ ദുരിതാവസ്ഥകൂടിയാണ്. എഡിജിപിയുടെ ആർഎസ്എസ് കൂടിക്കാഴ്ച്ച പുറത്തുവന്നപ്പോൾ തന്നെ നടപടി ആവശ്യപ്പെട്ട സിപിഐയെ പരിഗണിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും അവസാന നിമിഷം വരെയും കൂട്ടാക്കിയിരുന്നില്ല.

കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള ബന്ധത്തിന് പാലമായി പ്രവർത്തിച്ചുവെന്ന ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സിപിഐയ്ക്ക് ഒരു രാഷ്ട്രീയ വിജയമായി ആശ്വസിക്കാമെന്നത് മാത്രമാണ് അജിത് കുമാറിനെതിരെയുള്ള നടപടിയുടെ ആകെത്തുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments