NationalNews

ഹരിയാനയിൽ ഭരണം ഉറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ച തുടങ്ങി കോൺഗ്രസ്

ഹരിയാനയിൽ ഭരണം ഉറപ്പായതിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കോൺഗ്രസിൽ ചർച്ചകൾക്ക് തുടക്കമായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പേരുകാരൻ നിലവിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടേതാണ്. ഹരിയാനയിലെ ജാട്ട് വിഭാഗത്തിന്റെ മുഖമാണ് ഭൂപീന്ദർ സിംഗ്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹം തന്നെയായിരുന്നു. അതേസമയം മറ്റ് നേതാക്കളും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് രംഗത്തെത്തി തുടങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.

ഹരിയാനയിലെ ജാട്ട് വോട്ടുകൾ തെരഞ്ഞെടുപ്പിലെ നിർണ്ണായക ശക്തിയാണ്. ഇത്തവണ ജാട്ടുകൾ കോൺഗ്രസിനെ പിന്തുണച്ചു എന്നാണ് വിലയിരുത്തൽ. ഈ വോട്ടുകൾ ഉറപ്പിക്കാൻ ജാട്ട് വിഭാഗത്തിൽ നിന്നുള്ള ഭൂപീന്ദറിനെ ഉയർത്തിക്കാണിച്ചായിരുന്നു പ്രചാരണവും. അതുകൊണ്ട് തന്നെ ഭൂപീന്ദർ മുഖ്യമന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്. ഹൈക്കമാൻഡും അദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ട്.

ജാട്ട് വോട്ടുകളും കർഷകയും പിന്തുണയും ഉറപ്പിച്ചാലും കൂടുതൽ വോട്ട് ഉറപ്പിച്ചാൽ മാത്രമേ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കടക്കാനാകൂ. ഇത് മുന്നിൽ കണ്ടാണ് സംസ്ഥാനത്തെ പ്രധാന ദളിത് നേതാവായ കുമാരി ഷെൽജയെ രാഹുൽ ഗാന്ധി തന്നെ നേരിട്ടെത്തി ചർച്ചകൾ നടത്തി അനുനയിപ്പിച്ചത്. സിർസ എംപിയും മുൻകേന്ദ്ര മന്ത്രിയുമായിരുന്ന ഷെൽജ കോൺഗ്രസിലെ പ്രധാന നേതാവാണ്.

ദളിത് വോട്ടുകൾ നേടാൻ ബിജെപി നീക്കങ്ങൾ നടത്തുന്നതിടെ കുമാരി ഷെൽജയെ അകറ്റുന്നത് ഗുണം ചെയ്യില്ലെന്ന് കോൺഗ്രസ് മനസിലാക്കിയിരുന്നു. ഷെൽജയുടെ ഏറ്റവും അടുത്ത അനുയായി ഷംഷേർ സിങ് ഗോഗിയുടെ മണ്ഡലത്തിൽ പ്രചാരണത്തിന് രാഹുൽ ഗാന്ധി നേരിട്ട് എത്തിയതോടെ ഷെൽജ തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി.

രണ്ടുതവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന നേതാവാണ് ഭൂപീന്ദർ സിങ് ഹൂഡ. 2005 മുതൽ 2014 വരെ അദ്ദേഹം മുഖ്യമന്ത്രി പദവി അലങ്കരിച്ചിട്ടുണ്ട്. സുപ്രധാന പദവികളിൽ നിന്ന് അദ്ദേഹം വിരമിക്കുമെന്നും മകൻ ദീപേന്ദർ സിങ്ങിനെ അടുത്ത മുഖ്യനാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം ഇപ്പോഴേ ചർച്ചകൾക്ക് ഇടമില്ലെന്നും അധികാരം ലഭിച്ചാൽ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഭൂപീന്ദർ സിങ് തന്നെ വ്യക്തമാക്കി.

ഭൂപീന്ദർ സിങ് മകനെ മുഖ്യമന്ത്രി ആക്കാനുള്ള നീക്കം മുന്നിൽ കണ്ട് ഷെൽജ തൻ്റെ അനുഭവ സമ്പത്ത് ഓർമിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. പാർട്ടിക്ക് തൻ്റെ അനുഭവപരിചയവും കൂറും തള്ളിക്കളയാനാകില്ലെന്നായിരുന്നു അവരുടെ പ്രതികരണം. മുഖ്യമന്ത്രിയാരാകണമെന്ന അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിക്കുമെന്നും ഷെൽജ കൂട്ടിച്ചേർത്തു.

ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കുകയെന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്നും ഭൂപീന്ദറിൻ്റെ മകൻ ദീപേന്ദർ സിങ് അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യസഭ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സുർജേവാലയുടെ പേരും മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. മറ്റൊരു സാധ്യത ദളിത് നേതാവും ഭൂപീന്ദറിൻ്റെ അടുത്ത അനുയായിയുമായ ഉദയ് ഭാൻ്റെ പേരാണ്.

ഷെൽജയും രൺദീപ് സുർജേവാലയും എംപിമാരെന്ന രീതിയിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്നത് ഭൂപീന്ദറിനെ മുഖ്യമന്ത്രിയാക്കുക എന്ന തീരുമാനത്തിലേക്കെത്താൻ കാരണമായേക്കാം. തർക്കങ്ങളും വിയോജിപ്പുകളും ചർച്ചകളിലൂടെ പരിഹരിച്ച് കഴിയുന്നത്ര സംസ്ഥാനങ്ങളിൽ അധികാരം നേടുക എന്നതിനാണ് കോൺഗ്രസ് പ്രഥമ പരിഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *