മലയാളത്തിന്റെ താര രാജക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു. പതിനാറ് കൊല്ലത്തിന് ശേഷമാണ് മുഴുനീള കഥാപാത്രങ്ങളായി ഇരുവരും ഒന്നിച്ച് എത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മഹേഷ് നാരായണനാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് നവംബര്‍ മാസം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.
2013 ല്‍ കടല്‍ ‘കടന്നൊരു മാത്തുക്കൂട്ടി’ എന്ന രഞ്ജിത്ത് മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ അദ്ദേഹമായി തന്നെ ക്യാമിയോയായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും തുല്യപ്രധാന്യമുള്ള റോളില്‍ അവസാനമായി അഭിനയിച്ചത് മലയാളത്തിലെ ബോക്സോഫീസ് ഹിറ്റായിരുന്ന താര സംഘടന അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ച ജോഷി ചിത്രം ട്വന്‍റി20യിലാണ്.
നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആശീര്‍വാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒന്നിക്കുന്നു എന്ന സൂചന അടുത്തിടെ നടന്ന അമ്മയുടെ സ്റ്റേജ് ഷോയില്‍ നല്‍കിയിരുന്നു. 80 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൂടുതല്‍ നിര്‍മ്മാണ പങ്കാളികള്‍ ഉണ്ടാകും എന്നാണ് വിവരം. ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ദില്ലി, കൊച്ചി എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് നടക്കും എന്നാണ് വിവരം.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ സംവിധായകന്‍ മഹേഷ് നാരായണനൊപ്പം നിർമ്മാതാക്കളായ ആന്‍റോ ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവര്‍ധന തുടങ്ങിയവരും ഭാഗമായിരുന്നു.
1982 ലെ പടയോട്ടം മുതൽ നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് എത്തിയിട്ടുണ്ട്. ഇതില്‍ പലതും അക്കാലത്തെ വമ്പന്‍ ബോക്സോഫീസ് ഹിറ്റുകളാണ്.