ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിൻ്റെ പരിശീലകനായി പി ആർ ശ്രീജേഷ് നാളെ ചുമതലയേൽക്കും. പാരിസ് ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തിനു പിന്നാലെ രാജ്യാന്തര ഹോക്കിയിൽ നിന്നു വിരമിച്ച മലയാളി താരത്തെ ജൂനിയർ ടീമിൻ്റെ പരിശീലകനായി ഹോക്കി ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഇതിനൊപ്പം ഡിസംബറിൽ ആരംഭിക്കുന്ന ഹോക്കി ഇന്ത്യ ലീഗിനുള്ള 10 ഫ്രാഞ്ചൈസികളിൽ ഒന്നായ ഡൽഹി എസ്‌ജി പൈപ്പേഴ്‌സിൻ്റെ ടീം ഡയറക്ടറായും ശ്രീജേഷ് തിരഞ്ഞെടുക്കപ്പെട്ടു.
നാളെ ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ എത്തി ദേശീയ ഹോക്കി ടീം കോച്ച് ചുമതല ശ്രീജേഷ് ഏറ്റെടുക്കും.
“ഒരു കളിക്കാരനെന്ന നിലയിൽ എൻ്റെ കരിയർ പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡലോടെ അവസാനിച്ചു. സ്‌പോർട്‌സിൽ നിന്നുള്ള എൻ്റെ യാത്ര ഒരു സ്വപ്നം പോലെയായിരുന്നു. ഒളിമ്പിക്‌സിൽ എൻ്റെ അവസാന ഇൻ്റർനാഷണൽ കളിക്കുക, മെഡൽ നേടുക, ഗെയിംസിൽ രാജ്യത്തിന് വേണ്ടി പതാകയേന്തുക. അതിനു ശേഷം, ഇന്ത്യയിൽ തിരിച്ചെത്തി, വീട്ടിൽ ഗംഭീര സ്വീകരണം, എൻ്റെ ജേഴ്‌സി റിട്ടയർ ചെയ്തു, കരിയർ ഇവിടെ അവസാനിച്ചു, എനിക്ക് ഇനി കളിക്കാൻ താൽപ്പര്യമില്ല, പകരം ഇന്ത്യൻ ഹോക്കിക്കായി അടുത്ത തലമുറയെ വളർത്താൻ സഹായിക്കണം.” ശ്രീജേഷ് പറഞ്ഞു.