Kerala

വനാതിര്‍ത്തികളില്‍ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിയന്ത്രണം ആലോചിക്കും: മന്ത്രി എം.ബി. രാജേഷ്

വയനാട്: വനാതിര്‍ത്തികളില്‍ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിയന്ത്രണം ആലോചിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തദ്ദേശപ്രതിനിധികള്‍ ഇതിനോട് യോജിച്ചെന്നും മന്ത്രി പറഞ്ഞു.

കാടിറങ്ങി വരുന്ന കടുവയും പുലിയും വളർത്തു മൃഗങ്ങളെ കൊല്ലുന്നത് പതിവാണെന്ന് പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.

എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചു. വനാതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ പ്രധാന ഉപജീവന മാർഗമാണ് വളർത്തുമൃഗങ്ങള്‍. അവയുടെ എണ്ണം കുറയ്ക്കാൻ സാധിക്കില്ല. വേണമെങ്കിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ എണ്ണം കുറച്ചോട്ടെയെന്നും സംഷാദ് മരയ്ക്കാർ പറഞ്ഞു.

ആദ്യം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്ന് യുഡിഎഫ് എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. മന്ത്രിമാരായ എം.ബി.രാജേഷ്, എ.കെ.ശശീന്ദ്രൻ, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് പ്രതിനിധികളുടെ യോഗം നടത്തിയത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത 27ല്‍ 15 തീരുമാനങ്ങള്‍ നടപ്പാക്കി. വനാതിര്‍ത്തികളില്‍ 250 ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങി.

സ്വാഭാവിക ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കും. ജില്ലാതലത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ആര്‍.ആര്‍.ടി. ടീമുകളുടെ എണ്ണം കൂട്ടും. രണ്ട് പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *