കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിനു പുതിയൊരു ഹീറോയെക്കൂടി ലഭിച്ചു മൊറോക്കൻ താരം നോഹ സദോയ്. ഈ സീസണില്‍ മഞ്ഞക്കുപ്പായമണിഞ്ഞ ശേഷം വളരെ കുറച്ചു മല്‍സരങ്ങള്‍ കൊണ്ടു തന്നെ ലക്ഷക്കണക്കിനു ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തിലേക്കു കുതിച്ചു കയറിയ സൂപ്പർ പ്ലേമേക്കർ. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും അവസാനമായി ഒഡീഷ FC യുമായി കളിച്ച മല്‍സരത്തിലും സദോയ് കളം നിറഞ്ഞു കളിച്ചു.
മൊറോക്കന്‍ ടീമിൻ്റെ അന്താരാഷ്ട്ര താരമാണ് 31 കാരനായ നോവ സദോയ്. ദേശീയ ടീമിനായി നാലു മല്‍സരങ്ങളില്‍ താരം കളിക്കുകയും ചെയ്തു. 1993 സപ്തംബര്‍ 14നു മൊറോക്കോയിലെ കാസബ്ലാങ്കയിലാണ് ജനിച്ചത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നിരവധി ക്ലബ്ബുകളില്‍ ബൂട്ടണിഞ്ഞാണ് സദോയ് ഇപ്പോള്‍ കേരള മണ്ണിലെത്തിയിരിക്കുന്നത്.
14ാമത്തെ ഫുട്‌ബോള്‍ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്‌സെന്നു അറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും. സംഭവം ശരിയാണ്, ക്ലബ്ബുകളില്‍ നിന്നു ക്ലബ്ബുകളിലേക്കുള്ള കൂടുമാറ്റം തന്നെയാണ് സദോയിയയുടെ കരിയര്‍.
ബ്ലാസ്റ്റേഴ്‌സിൻ്റെ പ്ലേമേക്കർ
കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ശേഷം വളരെ പെട്ടെന്നു തന്നെ ടീമിൻ്റെ തുറുപ്പുചീട്ടായി മാറാന്‍ നോഹയ്ക്ക് കഴിഞ്ഞു. ഡ്യൂറൻ്റ് കപ്പില്‍ മുംബൈ സിറ്റിക്കെതിരേയാണ് താരം അരങ്ങേറിയത്.
കന്നി മല്‍സരത്തില്‍ തന്നെ ഹാട്രിക്കുമായി നോഹ വരവറിയിക്കുകയും ചെയ്തു. ആറു ഗോളുകളുമായി ഡ്യൂറൻ്റ് കപ്പിലെ ഗോള്‍ഡന്‍ ബൂട്ടും താരത്തെ തേടിയെത്തി. ഇതോടെ ഐസ്എസ്എല്ലിലും ബ്ലാസ്‌റ്റേഴ്‌സ് ഇലവനില്‍ സദോയ് സ്ഥാനമുറപ്പിക്കുകയായിരുന്നു.
വേഗതയും ഡ്രിബ്ലിങ് മിടുക്കും ഇരുകാലുകള്‍ കൊണ്ടും ഷോട്ടുകള്‍ പായിക്കാനുള്ള കഴിവും നോഹയെ എന്നും അപകടകാരിയാക്കി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ്ന് കന്നിക്കിരീടത്തിൽ മുത്തമിടാൻ സാധിച്ചാൽ, നോഹയുടെ ബൂട്ടുകൾ ബ്ലാസ് റ്റേഴ്സിൻ്റെ ഹൃദയത്തിലിടം പിടിക്കും, അതിലുപരി പന്തിനെ പ്രണയിക്കുന്ന ഈ നാട്ടിൽ നോഹയെന്നും പ്രിയപ്പെട്ടവനുമാകും.