പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്റെ ആക്രമണത്തിൽ ജയിൽ ഉദ്യോഗസ്ഥനു പരുക്കേറ്റു. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ അർജുന് ആണ് ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റത്. അർജുനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടവുകാരൻ ബിജു സെബാസ്റ്റ്യന് എതിരെ പൂജപ്പുര പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്‌തു. ബുധൻ ഉച്ചയ്ക്കു 2.30ന് എട്ടാം ബ്ലോക്കിൽ ആയിരുന്നു സംഭവം.
പൊലീസ് പറഞ്ഞത്: 5-ാം നമ്പർ മുറി യിൽ കഴിയുന്ന സഹതടവുകാരനെ ബിജു അസഭ്യം വിളിച്ചു ബഹളമുണ്ടാക്കി. വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ ബിജുവിനെ വിലക്കി. അതോടെ ബിജു ഉദ്യോഗസ്ഥർക്കു നേരെ തിരിഞ്ഞു. സെല്ലിലേക്കു മാറ്റാൻ ശ്രമിച്ച പ്രിസൺ ഓഫിസർ അർജുനെ ബിജു അസഭ്യം വിളിച്ച ശേഷം പോക്കറ്റിൽ കരുതിയ ബ്ലേഡ് എടുത്തു വീശുകയായിരുന്നു. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ അർജുന് കൈക്ക് പരുക്കേറ്റു. ഗാന്ധിജയന്തിക്കു ജയിലിൽ സദ്യ വിളമ്പാൻ വൈകിയതു ചോദ്യം ചെയ്തു ബിജു ബഹളം വച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് അടി നടന്നതെന്നു ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.