ബംഗാള്‍: പശ്ചിമ ബംഗാളില്‍ ഒന്‍പതുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ തിരെ ജനങ്ങള്‍. കേസില്‍ പോലീസിന്റെ നിഷ്‌ക്രിയത്വം ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധിക്കുകയും പോലീസ് ഔട്ട് പോസ്റ്റിന് തീയിടുകയും ചെയ്തു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പോലീസ് തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് ന്യായീകരിച്ചു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കാണാതായത്.വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടി ട്യൂഷന്‍ സെന്ററിലേക്ക് പോയിരുന്നു. വീട്ടിലേക്ക് മടങ്ങാനാകാതെ വന്നതോടെ വീട്ടുകാര്‍ കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങി.
കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ കാണാനില്ലായെന്ന് കാട്ടി രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാല്‍, മറ്റൊരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നാണ് ലോക്കല്‍ പൊലീസ് നിര്‍ദേശിച്ചതെന്ന് വീട്ടുകാര്‍ ആരോപിച്ചു.പിന്നീട് നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.ശനിയാഴ്ച രാവിലെ, ചൂലും വടിയും മുളയുമായി ഒരു ജനക്കൂട്ടം ലോക്കല്‍ പോലീസ് സ്റ്റേഷന് ചുറ്റും തടിച്ചുകൂടി. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അതിഷ് ബിശ്വാസിനെ അവര്‍ തടഞ്ഞു.
പിന്നീട് ഇവര്‍ പോലീസ് സ്റ്റേഷന്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു, അതിന്റെ ഫലമായി നിരവധി സുപ്രധാന രേഖകള്‍ നശിപ്പിക്കപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഒടുവില്‍ പോലീസ് ലാത്തിച്ചാര്‍ജും നടത്തി. കേസില്‍ പോലീസ് ഇടപെട്ടുവെന്നും സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രദേശത്ത് സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതിനാണ മുന്‍ഗണന നല്‍കുന്നതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസിനെതിരായ അനാസ്ഥയും കഴിവുകേടും സംബന്ധിച്ച ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ”ഞങ്ങള്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു, അവനും കുറ്റസമ്മതം നടത്തി. ഞങ്ങള്‍ ഓരോ ചുവടും എടുത്ത് ഉടനടി പ്രവര്‍ത്തിക്കുന്നു. ഇപ്പോഴും ആളുകള്‍ക്ക് ആരോപണങ്ങളുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഞങ്ങള്‍ പരിശോധിക്കും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.