BusinessNews

ഡാബർ-പതഞ്ജലി ച്യവനപ്രാശ പോര്; പതഞ്ജലിയുടെ പരസ്യങ്ങൾക്ക് കോടതിയുടെ വിലക്ക്

ന്യൂഡൽഹി: പ്രമുഖ ആയുർവേദ ബ്രാൻഡുകളായ ഡാബറും പതഞ്ജലിയും തമ്മിലുള്ള ‘ച്യവനപ്രാശ’ തർക്കത്തിൽ പതഞ്ജലിക്ക് തിരിച്ചടി. ഡാബറിന്റെ ച്യവനപ്രാശത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് പതഞ്ജലി ആയുർവേദിനെ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കി. ഡാബർ ഇന്ത്യ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മിനി പുഷ്കർണയുടെ സുപ്രധാന ഉത്തരവ്.

ഡാബർ ച്യവനപ്രാശത്തെ “സാധാരണം” എന്ന് വിശേഷിപ്പിച്ചും, തങ്ങളുടെ ഉൽപ്പന്നത്തിൽ 51 ഔഷധ സസ്യങ്ങളുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടും പതഞ്ജലി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ഡാബറിന്റെ പ്രധാന ആരോപണം.

പതഞ്ജലിയുടെ ച്യവനപ്രാശത്തിൽ 47 ഔഷധങ്ങൾ മാത്രമാണുള്ളതെന്നും, അതിൽ മെർക്കുറിയുടെ സാന്നിധ്യമുണ്ടെന്നും ഇത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും ഡാബറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സന്ദീപ് സേഥി വാദിച്ചു.

2024 ഡിസംബറിൽ കേസിൽ നടപടികൾ ആരംഭിച്ചിട്ടും, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ആറായിരത്തിലധികം തവണ പതഞ്ജലി ഈ വിവാദ പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്തുവെന്നും ഡാബർ കോടതിയെ അറിയിച്ചു.

എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച പതഞ്ജലി, തങ്ങളുടെ ഉൽപ്പന്നം എല്ലാ നിയമപരമായ മാനദണ്ഡങ്ങളും പാലിച്ചുള്ളതാണെന്നും ഉപയോഗിക്കാൻ പൂർണ്ണമായും സുരക്ഷിതമാണെന്നും വാദിച്ചു. വാദങ്ങൾ കേട്ട കോടതി, കേസിൽ കൂടുതൽ വാദം കേൾക്കുന്നത് വരെ പതഞ്ജലിയുടെ വിവാദ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും വിലക്കുകയായിരുന്നു. കേസ് അടുത്തതായി ജൂലൈ 14-ന് പരിഗണിക്കും.