
ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ സംഭവം
തെങ്കാശി: തിരുനെല്‍വേലിയില്‍ മാലിന്യക്കുമ്പാരത്തില്‍ പിഞ്ചുകുഞ്ഞിന്‍രെ മൃതദേഹം കണ്ടെത്തി.വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മേലപ്പാളയത്തെ മാലിന്യക്കുമ്പാരത്തില്‍ ശുചീകരണ തൊഴിലാളികള്‍ കുട്ടിയെ കണ്ടെത്തിയത്. തൊഴിലാളികള്‍ ഉടന്‍ പോലീസിനെയും കോര്‍പ്പറേഷന്‍ അധികൃതരെയും വിവരം അറിയിച്ചു. കുട്ടി ജനിച്ചിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളുവെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചുവെന്നും സംഭവത്തില്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
ഒരു വര്‍ഷത്തിനിടെ ഇതേ മേഖലയില്‍ ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണ് നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം, നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് വൈദ്യസഹായം നല്‍കിയ ശേഷം ഒരു കെയര്‍ ഹോമില്‍ കുട്ടിയെ പാര്‍പ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പരിസരവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ലാ ഭരണകൂടവും കോര്‍പ്പറേഷന്‍ അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.