അഹമ്മദാബാദ്: പിതാവിനെ കൊന്നവരോട് പ്രതികാരം ചെയ്യുന്ന നായകന്‍മാരെ കണ്ട് രോമാഞ്ചം കൊണ്ട സിനിമകള്‍ നിരവധി നാം കണ്ടിട്ടുണ്ട്. നീതി ഇല്ലാതാകുമ്പോള്‍ നീ തീയാകുക എന്ന് പറയുന്നത് പോലെ തന്റെ പിതാവിനെ കൊന്നവനോട് കണക്ക് തീര്‍ത്തിരിക്കുകയാണ് അഹമ്മദാബാദില്‍ ഒരു യുവാവ്. അഹമ്മദാബാദിലെ ബോഡക്ദേവ് പ്രദേശത്ത് താമസിക്കുന്ന ഗോപാല്‍ സിംഗ് ഭാട്ടിയെന്ന യുവാവാണ് തന്‍രെ പിതാവിനെ കൊന്നവനോടുള്ള പക 22 വര്‍ഷങ്ങള്‍ക്കു ശേഷം പകരം വീട്ടിയത്.
2002-ലാണ് ഗോപാലിന്റെ പിതാവായ ഹരി സിംഗ് ഭാട്ടി രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ട്രക്ക് ഇടിച്ച് മരണപ്പെട്ടത്. ഹരിയുടെ മരണം കൊലപാതകമായിരുന്നുവെന്നും നഖത്ത് സിംഗ് ഭാട്ടിയും നാല് സഹോദരന്മാരും ചേര്‍ന്നാണ് ഹരിയെ ട്രക്കിടിപ്പിച്ച് കൊന്നതെന്നും പിന്നീട് മനസിലായി. സംഭവം കേസായി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പിതാവ് ചതഞ്ഞരഞ്ഞ് മരിക്കുമ്പോള്‍ ഗോപാലിന് വെറും എട്ട് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അന്ന് മുതല്‍ പകയുടെ തീക്കനല്‍ കെടാതെ കൊണ്ടു നടക്കുകയായിരുന്നു ഗോപാല്‍. കൊലയാളികളെക്കുറിച്ചുള്ള കഥകള്‍ കേട്ടാണ് പിന്നീട് ഗോപാല്‍ വളര്‍ന്നത്. അതിനൊപ്പം പ്രതികാരം ചെയ്യാനുള്ള കടുത്ത പകയും അവനില്‍ വളര്‍ന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക്, അഹമ്മദാബാദിലെ തല്‍തേജ് ഏരിയയിലെ ഒരു റെസിഡന്‍ഷ്യല്‍ കോളനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന നഖത്ത് സിംഗ് ഭാട്ടി (50) സൈക്കിളില്‍ പോകുമ്പോള്‍ പിക്കപ്പ് ട്രക്ക് ഇടിപ്പിച്ചാണ് ഗോപാല്‍ നഖത്തിനെ കൊന്നത്. തന്റെ പിതാവ് അനുഭവിച്ച വേദന നഖത്തിനും ഗോപാല്‍ കൊടുത്തു. അപകടമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഗോപാലിനെ സംഭവ സ്ഥലത്ത് നിന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലയാണെന്ന് മനസിലായത്.