നവജാത ശിശുക്കൾക്ക് ദുബായിൽ ലേണേഴ്‌സ് പാസ്‌പോർട്ട് പുറത്തിറക്കുന്നു. ദുബായിൽ ജനിക്കുന്ന കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ‘വിദ്യാഭ്യാസ നയം 2033’ അവതരിപ്പിക്കുന്നതിനിടെ, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻറ് അതോറിറ്റിയാണ് (കെ.എച്ച്.ഡി.എ) ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുബായ് ഹെൽത്ത് അതോറിറ്റിയുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുക. നവജാത ശിശുക്കളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ആയിശ മീറാൻ പറഞ്ഞു. സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യിക്കുകയും അവർ സ്‌കൂളിൽ ചേരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യും.
സ്‌കൂളിൽ എൻറോൾ ചെയ്യാത്ത കുട്ടികളെ ഇതിലൂടെ കണ്ടെത്തുകയും ഇവർക്ക് നിർബന്ധിത വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യും. എമിറേറ്റിലെ ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ലെന്ന് ഇതുവഴി ഉറപ്പാക്കാൻ കഴിയുമെന്നും ആയിശ മീറാൻ പറഞ്ഞു.
ദുബൈയിൽ ജനിക്കുന്ന മുഴുവൻ കുട്ടികളും പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യപ്പെടും. ഇതുവഴി അവർക്ക് വിദ്യാഭ്യാസം ലഭിക്കേണ്ട പ്രായം മനസ്സിലാക്കാൻ കഴിയും. തുടർന്ന് ലഭ്യമായ നഴ്‌സറികളുടെ വിവരങ്ങൾ രക്ഷിതാക്കളെ അറിയിക്കും. നഴ്‌സറികളിൽ രജിസ്റ്റർ ചെയ്യുന്ന ഇമാറാത്തി കുട്ടികളുടെ എണ്ണം ആഗോള ശരാശരിയെക്കാൾ താഴെയാണെന്നും ഇത് അവരുടെ വളർച്ചയെയും നേട്ടങ്ങളെയും ബാധിക്കുന്നതായും മീറാൻ കൂട്ടിച്ചേർത്തു.
ഒരു കുട്ടിയുടെ 90 ശതമാനം ബുദ്ധിയും വികസിക്കുന്നത് അഞ്ചുവയസ്സുവരെയുള്ള കാലഘട്ടത്തിലാണെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിർണായകമായ ഈ വളർച്ച ഘട്ടം അവരുടെ ഭാവിയിലെ അക്കാദമിക പ്രകടനങ്ങളിൽ വലിയ സ്വാധീനം ചെലുത്തും.
ലഭ്യമായ വിദ്യാഭ്യാസ സംവിധാനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്ക് സമഗ്രമായ വിവരങ്ങൾ നൽകാൻ ലേണിങ് പാസ്‌പോർട്ടിലൂടെ കഴിയും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ യഥാസമയം ഉചിതമായ തീരുമാനമെടുക്കാൻ ഇത് രക്ഷിതാക്കളെ സഹായിക്കുമെന്നും അവർ പറഞ്ഞു.