കോളിവുഡിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഏറെ ചർച്ചയായ വാർത്ത നടൻ ജയംരവിയും ഭാര്യ ആർതിയും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചുള്ളതാണ്. ഈ വാർത്തകൾ ചൂടുപിടിച്ചു കൊണ്ടിരിക്കുമ്പോൾ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ജയം രവിയും നടി പ്രിയങ്കയും വിവാഹം കഴിഞ്ഞ രീതിയിൽ നിൽക്കുന്ന ഫോട്ടോ പ്രചരിച്ചത്. ഈ ഫോട്ടോ ചില കോളിവുഡ് പേജുകൾ ക്യാപ്ഷൻ നല്‍കാതെ പങ്കുവെച്ചതോടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് പുതിയ നിറവും ചൂടും കിട്ടി.
എന്നാൽ വിശദമായി പരിശോധിക്കുമ്പോള്‍ ഇത് വിവാഹ ഫോട്ടോയല്ല, ജയം രവി അഭിനയിക്കുന്ന പുതിയ ചിത്രമായ “ബ്രദർ” എന്ന ചിത്രത്തിലെ ഒരു സ്റ്റിൽ ഫോട്ടോ മാത്രമാണ് എന്ന് വ്യക്തമായി. എം രാജേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടേതാണ് ചിത്രത്തിലെ രംഗം. 2022-ൽ പ്രഖ്യാപിച്ച ഈ ചിത്രം ഈ വർഷത്തെ ദീപാവലിയോട് അനുബന്ധിച്ച് ഒക്ടോബർ 31-ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
ഇത്തരം ഒരു ഫോട്ടോ ബ്രദര്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇപ്പോഴത്തെ വാര്‍ത്തകള്‍ കൂടി മനസിലാക്കി ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടി മനപൂര്‍വ്വം ഉപയോഗിച്ചതാണെന്ന ആക്ഷേപവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രമോഷന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വേണമായിരുന്നോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
അതേസമയം, ജയം രവിയും ആർതിയും തമ്മിലുള്ള വിവാഹമോചന കേസ് ഇപ്പോഴും കോടതിയിലേക്ക് നീങ്ങുകയാണ്. ജയം രവി ഉന്നയിച്ച ചില ആരോപണങ്ങള്‍ക്ക് പ്രതികരിച്ച് ആർതി തന്‍റെ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി കാണരുതെന്ന് പത്രകുറിപ്പിലൂടെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.