ഭരണവിരുദ്ധ വികാരം, തൊഴിലില്ലായ്മ, കർഷക പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങൾ കത്തിനിൽക്കുന്നതിനിടെ നടക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ നിന്ന് ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്. 90 അംഗ സഭയിൽ 60ന് മുകളിൽ സീറ്റ് ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ വിവിധയിടങ്ങളിൽ റാലികളിൽ പങ്കെടുത്തു.
എവിടെയൊക്കെ ബി.ജെ.പി വെറുപ്പിന്റെ മാർക്കറ്റ് തുറന്നുവോ അവിടങ്ങളിൽ കോൺഗ്രസ് സ്നേഹത്തിന്റെ കട തുറന്നിട്ടുണ്ടെന്ന് ഗോരക്ഷക ഗുണ്ടകളുടെ അതിക്രമത്തിന് ഇരകളേറെയുള്ള നൂഹിൽ നടന്ന റാലിയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, കോൺഗ്രസ് ക്യാമ്പിന് ഉണർവ് പകർന്ന് മുൻ എം.പിയും ബി.ജെ.പി നേതാവുമായ അശോക് തൻവാർ കോൺഗ്രസിൽ തിരിച്ചെത്തി. അശോക് തൻവാർ വ്യാഴാഴ്ച ബി.ജെ.പിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ജിന്ദിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ എത്തുന്നത്.
ബി.ജെ.പി സഹയാത്രികരായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്, സീ ഗ്രൂപ് ഉടമ സുഭാഷ് ചന്ദ്ര എന്നിവർ നേരത്തെ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിന് കഴിഞ്ഞ ദിവസങ്ങളിൽ പങ്കെടുത്തിരുന്നു. ഭരണവിരുദ്ധ വികാരം നേരിടുന്നതിനൊപ്പം ആഭ്യന്തര കലഹവും ബി.ജെ.പി പ്രചാരണത്തെ ബാധിച്ചിട്ടുണ്ട്.
ഒ.ബി.സി വോട്ട് ലക്ഷ്യമിട്ടാണ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി നായബ് സിങ് സൈനിയെ അവസാന ഘട്ടത്തിൽ ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത്. എന്നാൽ, ഖട്ടറിനെ മാറ്റിയതിൽ 12 ശതമാനം വരുന്ന ബ്രാഹ്മണ വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. ബി.ജെ.പി, കോൺഗ്രസ്-സി.പി.എം, INLD-BSP, JJP- ആസാദ് സമാജ് പാർട്ടി, ആം ആദ്മി തുടങ്ങിയ പാർട്ടികളാണ് പ്രധാനമായും മത്സരിക്കുന്നത്. സീറ്റ് ലഭിക്കാത്ത വിമതരും ചെറുപാർട്ടികളും ഏതാനും സീറ്റിൽ മത്സരിക്കുന്നുണ്ട്.
2019ൽ ബി.ജെ.പിക്ക് 40, കോൺഗ്രസിന് 30, ജെ.ജെ.പിക്ക് 15 സീറ്റുകളും ബാക്കിയുള്ളവ സ്വതന്ത്രർക്കുമായിരുന്നു ലഭിച്ചത്. കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ബി.ജെ.പി, ജെ.ജെ.പി പിന്തുണയോടെ ഭരണം പിടിച്ചു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പോടെ ജെ.ജെ.പി സഖ്യം വിട്ടെങ്കിലും സഭാസമ്മേളനം വിളിക്കാതെ ഗവർണറുടെ കനിവിൽ ബി.ജെ.പി ഭരണം പൂർത്തിയാക്കുകയായിരുന്നു.
അതേസമയം, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് അവസാനമായിരിക്കുകയാണ്. നാളെയാണ് 90 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയെ മറികടന്ന് പ്രചാരണം നടത്തിയ കോൺഗ്രസ് വിജയപ്രതീക്ഷയിലാണ്. രണ്ട് കോടിയിലേറെ വോട്ടർമാരാണ് ഹരിയാനയുടെ വിധിയെഴുതുക. 20,629 പോളിങ് ബൂത്തുകൾ തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുണ്ട്. ഇരട്ട എൻജിൻ സർക്കാർ എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി പ്രധാനമായും പ്രചാരണം നടത്തിയത്.
വിദ്വേഷ രാഷ്രടീയത്തിനെതിരെയും കർഷക ദ്രോഹത്തിനെതിരെയും കോൺഗ്രസ് പ്രചാരണം ശക്തമാക്കിയിരുന്നു. കൂടാതെ ഗുസ്തി താരങ്ങളുടെ സമരവും വിഷയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് റാലികളിൽ സംസാരിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തിയതോടെ കോൺഗ്രസിന്റെ ഗ്രൂപ്പ് വഴക്കിന് തന്നെ ശമനമുണ്ടായി. ജാതിസംവരണവും താങ്ങുവിലയും സ്ത്രീകൾക്ക് മാസംതോറും 2000 രൂപയുമടക്കമുള്ള ഏഴ് പ്രധാന വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. അതോടൊപ്പം ഒറ്റക്ക് മത്സരിക്കുന്ന ആം ആദ്മി പാർട്ടിയും പലയിടങ്ങളിലും നിർണായക ശക്തിയാണ്.