സുരക്ഷാ സേനയുടെ വന്‍ മാവോയിസ്റ്റ് വേട്ട
ന്യൂഡല്‍ഹി: ചത്തീസ്ഗഡില്‍ സുരക്ഷാ സേനയുടെ ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍-ദന്തേവാഡയിലെ അതിര്‍ത്തിയിലെ വനത്തില്‍ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിലാണ് വന്‍ മാവോയിസ്റ്റ് വേട്ട നടന്നത്.ഇത് വലിയ വിജയമാണെന്നും ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് കലാപത്തിനെതിരായ പോരാട്ടത്തില്‍ സുരക്ഷാ സേനയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഈ ഏറ്റുമുട്ടലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി) സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) ഇന്നലെ മുതലാണ് മാവോയിസ്റ്റ് ഓപ്പറേഷന്‍ തുടങ്ങിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. എ.കെ സീരീസ് ഉള്‍പ്പെടെ നിരവധി റൈഫിളുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.
വന്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ ഓര്‍ച്ച, ബര്‍സൂര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവല്‍, നെന്തൂര്‍, തുല്‍ത്തുളി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് സംയുക്ത ഓപ്പറേഷനില്‍ പ്രത്യേക സംഘത്തെ അയച്ചിരുന്നു. നെന്തൂര്‍-തുള്‍ത്തുളിക്ക് സമീപമുള്ള വനമേഖലയില്‍ ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ട് കടന്ന അവശേഷിക്കുന്ന മാവോയിസ്റ്റുകളെ സുരക്ഷാ സേന പിന്തുടരുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.