KeralaMedia

മൂന്നാം ദിനവും വെള്ളമില്ല; പ്രതിഷേധം ശക്തം ഉടൻ തന്നെ പുനസ്ഥാപിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കുടിവെള്ള വിതരണം ഇന്ന് തന്നെ പൂർണമായി പുനഃസ്ഥാപിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. കൂടുതല്‍ വാട്ടർ ടാങ്കറുകളും ലോറികളും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.പ്രശ്നങ്ങള്‍ പരിഹരിക്കാൻ വാട്ടർ അതോറിറ്റിയുടേയും നഗരസഭയുടേയും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും മേയർ അറിയിച്ചു.

കടുത്ത പ്രതിഷേധവമാണ് നഗരവാസികള്‍ ഉയർത്തിയത്. മാസങ്ങളായി കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നും ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ജലവിതരണം ഉള്ളൂവെന്നും വഴുതക്കാട് സ്വദേശികള്‍ മേയറോട് പരാതിപ്പെട്ടു. അതേസമയം എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം സാധ്യമാക്കുമെന്നും സമീപത്ത് നിന്നുള്ള പഞ്ചായത്തുകളില്‍ നിന്നടക്കം വാട്ടർ ടാങ്കറുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നണ്ടെന്നും മേയർ അറിയിച്ചു. നിലവില്‍ 17 ടാങ്കറുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ സർവ്വീസ് നടത്തുന്നുണ്ട്. അതിന് പുറമെ ജല അതോറിറ്റിയുടെ 14 ടാങ്കറുകളും സർവ്വീസ് നടത്തുന്നുണ്ട്. കൂടുതല്‍ ഡ്രൈവർമാരേയും വണ്ടികളേയും ജലവിതരണത്തിനായി ചുമതലപ്പെടുത്തും.

മൂന്ന് മാസമായി ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ വെള്ളം ലഭിക്കുന്നൂള്ളൂവെന്ന വഴുതക്കാട് സ്വദേശികളുടെ പരാതിയിലും മേയർ പ്രതികരിച്ചു. കെ ആർ എഫ് ബിയുടെ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളെ തുടർന്നാണ് വഴുതക്കാട്,തൈക്കാട് വാർഡുകളിലെ കുടിവെള്ള വിതരണം തടസപ്പെട്ടത്. ഇത് പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കും.

രണ്ട് ഇൻ്റർകണക്ഷൻ പ്രവൃത്തികളാണ് ജല അതോറിറ്റിയുടെ ഭാഗത്ത് നിന്ന് പൂർത്തിയാക്കാൻ ഉള്ളത്. എന്നിരുന്നാലും ജലവിതരണം തടസപ്പെട്ട ഇടങ്ങളില്‍ വെള്ളം എത്തിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കും.ഈ ഭാഗങ്ങളില്‍ പണ്ടുകാലത്തുള്ള പൈപ്പുകളാണ്. അവയില്‍ ചിലതിൻ്റെ വ്യാസം കൂട്ടുന്നതിനും ചിലത് മാറ്റി സ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വഴുതക്കാട് സെപ്റ്റംബർ 12 ന് തന്നെ വെള്ളം എത്തിക്കുമെന്നും മേയർ പറഞ്ഞു.

തിരുവനന്തപുരം – കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ 500 എംഎം,700 എം എം പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാലാണ് നഗരത്തില്‍ വെള്ളം മുടങ്ങിയത്. വാട്ടർ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളുടെ അലൈൻമെന്റാണ് മാറ്റി സ്ഥാപിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പണി പൂർത്തിയാക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ കാരണം പണി നീണ്ടുപോകുകയായിരുന്നു.

അതേസമയം കുടിവെള്ള വിതരണം മുടങ്ങിയതിനെതിരെ വലിയ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി. ശനിയാഴ്ച രാത്രി ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാർച്ച്‌ നടത്തിയിരുന്നു. ഇന്ന് മേയറെ തടഞ്ഞ് പ്രതിഷേധിക്കുമെന്നും ബിജെപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *