കാഞ്ചീപുരത്ത് പീഡനശ്രമം തടഞ്ഞ അഞ്ചുവയസുകാരനെ മര്‍ദിച്ച് കൊന്നു

ചെന്നൈ: കാഞ്ചീപുരത്ത് പീഡനശ്രമം തടഞ്ഞ അഞ്ചുവയസുകാരനെ മര്‍ദിച്ച് കൊന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കാഞ്ചീപുരം ജില്ലയിലെ ലാന്‍ഡ് സര്‍വേ ഡിവിഷനില്‍ സര്‍വേയറായി ജോലി ചെയ്യുന്ന കാഞ്ചീപുരം സ്വദേശിയായ 34കാരന്‍ രാജേഷാണ് പ്രതിയെന്ന് കാഞ്ചീപുരം താലൂക്ക് പോലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജേഷ് ഭാര്യയുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിയുടെ അമ്മയുമായി രാജേഷ് അടുത്തത്. ഉന്തുവണ്ടിയില്‍ ഭക്ഷണം വില്‍ക്കുന്ന സ്ത്രീയായിരുന്നു മരിച്ച കുട്ടിയുടെ അമ്മ. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം അമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്.

കടയില്‍ പതിവായി ഭക്ഷണം കഴിക്കാനെത്തിയ രാജേഷ് സ്ത്രീയുമായി പരിചയത്തിലാവുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തു.അഞ്ച് വയസ്സുള്ള ആണ്‍കുട്ടിക്കും ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയുമായിരുന്നു യുവതിക്ക് ഉണ്ടായിരുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പഠിക്കാന്‍ പോകുമ്പോള്‍ രാജേഷ് പലപ്പോഴും സ്ത്രീയുടെ വീട്ടില്‍ വരുമായിരുന്നു. പിന്നീട് കുട്ടികളെ കളിക്കാന്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. ‘

ഞായറാഴ്ചയും രാജേഷ് ഇരുവരെയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ആണ്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, കുട്ടി ചെറുത്തുതോല്‍പ്പിക്കുകയും ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ രാജേഷ് പല തവണ കുട്ടിയെ മര്‍ദിക്കുകയും നിലത്ത് തള്ളുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇതിനുശേഷം രാജേഷ് കുട്ടികളെ തിരികെ വീട്ടിലേക്ക് ഇറക്കി വിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെ കുട്ടി ഉണര്‍ന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങി.

ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം കുട്ടി മരിച്ചു. കുട്ടിയുടെ ശരീരത്തില്‍ വളരെയധികം മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ്് ചെയ്യുകയുമായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments