CrimeNational

ബസിൻ്റെ ഡോറില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യുവാവ് കുത്തി

ബാംഗ്ലൂര്‍: ബാംഗ്ലൂരുവില്‍ ബസ് കണ്ടക്ടറെ യാത്രക്കാരനായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. വാഹനത്തിന്റെ ഓട്ടോമാറ്റിക് ഡോറുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് കണ്ടക്ടറെ യുവാവ് കുത്തിയത്. മൂന്ന് കുത്താണ് ഇയാള്‍ക്ക് ഏറ്റത്. സംഭവത്തില്‍ 23കാരനായ ജാര്‍ഖണ്ഡ് സ്വദേശിയായ ഹര്‍ഷ് സിന്‍ഹ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ഐടിപിഎല്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. 45 കാരനായ യോഗേഷ് എന്ന ബസ് കണ്ടക്ടറിനാണ് കുത്തേറ്റത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) അറിയിച്ചു.

ഒരു ബിപിഒ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹര്‍ഷിനെ മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ഏകദേശം മൂന്നാഴ്ചയോളം ഇയാള്‍ക്ക് ജോലിയില്ലായിരുന്നു. ജോലി നഷ്ടപ്പെട്ടതില്‍ നിരാശനാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ബസില്‍ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഫുട്ബോര്‍ഡില്‍ നിന്ന് മാറി നില്‍ക്കാന്‍ യോഗേഷ് ഹര്‍ഷിനോട് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഹര്‍ഷ് സിന്‍ഹ തന്റെ ബാഗില്‍ നിന്ന് കത്തി പുറത്തെടുത്ത് ബസ് കണ്ടക്ടറെ കുത്തുകയായിരുന്നു.

ഇതോടെ ബസിലുള്ളവരെല്ലാം ഭയപ്പെട്ടു. യാത്രക്കാര്‍ പുറത്തേക്ക് ഓടാന്‍ തുടങ്ങി. ഹര്‍ഷ് സിന്‍ഹ മറ്റ് യാത്രക്കാരെയും ഭീഷണിപ്പെടുത്തിയിരുന്നു. ബസ് ഡ്രൈവര്‍ സിദ്ധലിംഗസ്വാമി വാതില്‍ പൂട്ടി പുറത്തേക്ക് ചാടിയതോടെ ഹര്‍ഷ് അകത്ത് കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്ലാസ് വാതിലുകളില്‍ ചവിട്ടുകയും തകര്‍ക്കുകയും ചെയ്തു. പ്രതികള്‍ ബസിനുള്ളില്‍ കുടുങ്ങിയതോടെ ഡ്രൈവറും യാത്രക്കാരും ചേര്‍ന്ന് പോലീസിനെ വിളിക്കുകയും അക്രമിയെ പിടികൂടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *