മയാമി: അമേരിക്കയിൽ കൊടും നാശം വിതച്ച് ഹെലീൻ ചുഴലികാറ്റ്. ഹെലീൻ ഹറിക്കേനിലും തുടർന്നുണ്ടായ കനത്ത മഴയിലും അമേരിക്കയിൽ ഇതുവരെ 162 പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നോർത്ത് കരോലിനയിൽ മാത്രം 73 പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. സൗത്ത് കരോലിനയിൽ 36 പേരുടെ ജീവൻ പൊലിഞ്ഞു. ജോർജിയ, ഫ്ലോറിഡ, ടെന്നസി, വിർജിനിയ, ആഷ് വില്ലെ എന്നീ സ്റ്റേറ്റുകളിലും നിരവധി പേരുടെ ജീവൻ നഷ്ടമായി.
ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലീൻ കരയിലേക്ക് വീശിയടിച്ചത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. 225 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ഹെലീൻ യുഎസില്‍ കനത്ത നാശം വിതച്ചാണ് കടന്നുപോകുന്നത്. കനത്ത ജാഗ്രത ഉണ്ടാകണമെന്നും കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നോർത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ഫ്ലോറിഡ, ജോർജിയ, ടെന്നസി എന്നീ സ്റ്റേറ്റ്സിലൂടെ ഏകദേശം 1287 കിലോമീറ്റര്‍ ദൂരം ഹെലീന്‍ ചുഴലിക്കാറ്റ് പ്രഭാവം ഉണ്ടാവാൻ ഇടയുണ്ട്. കാറ്റഗറി 4ൽ വരുന്ന ചുഴലിക്കാറ്റാണ് ഹെലീൻ വരും ദിവസങ്ങളില്‍ മരണ സംഖ്യ ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്.
ഏകദേശം 600 പേരെ ഇതുവരെ കാണാതായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ വിവിധ സ്റ്റേറ്റ്സിൽ 20 ലക്ഷത്തിലേറെ പേർ ഇരുട്ടിലായി. ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്.