Sports

ആശാൻ എത്തുമോ ഈസ്റ്റ് ബംഗാളിനായി: ISL 2024-25

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പ്രിയപ്പെട്ട മുൻ പരിശീലകനാണ് ഇവാൻ വുക്കവനോവിച്ച്. ആശാനും മഞ്ഞപ്പടയും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴം ഫുട്ബോൾ ലോകം അറിഞ്ഞതാണ്. കുറച്ച് മാസങ്ങൾക്ക് മുൻമ്പാണ് ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലന സ്ഥാനം ഇവാൻ ഒഴിഞ്ഞത്. ഐഎസ്എല്ലിൽ ഈസ്റ്റ് ബം​ഗാൾ ടീമിനായി ഇവാൻ എത്തുമെന്ന വാർത്തയാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയാവുന്നത്. മഞ്ഞപ്പട അത്രയും സ്നേഹിക്കുന്ന ഒരാൾ മറ്റൊരു ടീം കോച്ചാകുന്നതിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആശങ്കയും അത്ര ചെറുതല്ല.

ബ്ലാസ്റ്റേഴ്സിൽ ഇവാൻ്റെ കീഴിൽ കളിച്ച ദിമിത്രി ദയമന്തക്കോസ്, ജീക്സൺ സിങ്, നിഷൂ കുമാർ, ഖബ്ര തുടങ്ങിയ താരങ്ങൾ നിലവിൽ ഈസ്റ്റ് ബംഗാളിലാണ് കളിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവാനെ പരിശീലകനായി കൊണ്ട് വന്നാൽ ടീമുമായി പെട്ടെന്ന് പൊരുത്തപ്പെടാനാവുമെന്നാണ് പ്രതീക്ഷ. അതിനാൽ ഈസ്റ്റ് ബംഗാൾ ഇവാനെ സമീപിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

ഈ സീസണിൽ കളിച്ച 3 മത്സരങ്ങളിലും പരാജയപ്പെട്ട ഈസ്റ്റ് ബംഗാളിൻ്റെ സ്പാനിഷ് പരിശീലകൻ കാർലസ് ക്വാഡ്രാറ്റിനെ പുറത്താക്കിയതായി ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി അറിയിച്ചിരുന്നു. പകരം സഹപരിശീലകൻ ബിനോ ജോർജ് ടീമിൻ്റെ താൽക്കാലിക പരിശീലകനാവും.

കാർലസ് ക്വാഡ്രാറ്റിനെ പുറത്താക്കിയതോടെ പുതിയ പരിശീലകനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഈസ്റ്റ് ബംഗാൾ ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനെ പുതിയ പരിശീലകനായി കൊണ്ട് വരാൻ ഈസ്റ്റ് ബംഗാൾ ആരാധകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആരാധകരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുന്ന മാനേജ്‌മെൻ്റാണ് ഈസ്റ്റ് ബംഗാളിൻ്റേത്.

മുൻ പഞ്ചാബ് പരിശീലകനായ സ്റ്റൈക്കോസ് വർഗറ്റീസിൻ്റെ പേരും ഈസ്റ്റ് ബംഗാൾ പരിശീലകർ ഉയർത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ പഞ്ചാബിനെ പരിശീലിപ്പിച്ച വർഗറ്റീസിന് സീസണിലെ ആദ്യ പകുതിയിൽ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും രണ്ടാം പകുതിയിൽ ടീമിനെ ശ്കതമായി മുന്നോട്ട് നയിച്ചു. കൂടാതെ ഐഎസ്എല്ലിൽ പരിചയസമ്പത്തുമുള്ള വർഗറ്റീസിന് കാര്യങ്ങൾ എളുപ്പമാവുമെന്നാണ് ആരാധകരുടെ കണക്ക് കൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *