നൈജീരിയ: മൃഗശാലയില്‍ സിംഹത്തിന് ഭക്ഷണം നല്‍കുന്നതിനിടെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു. നൈജീരിയയിലാണ് സംഭവം. നൈജീരിയന്‍ മുന്‍ പ്രസിഡന്റ് ഒലുസെഗുന്‍ ഒബാസാന്‍ജോയുടെ ഉടമസ്ഥതയിലുള്ള അബോകുട്ടയിലെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ബാബാജി ദൗള്‍ എന്ന 35 കാരനായ ആളാണ് കൊല്ലപ്പെട്ടത്. ജോലിക്കാരന്‍രെ കഴുത്തില്‍ സിംഹം മാരകമായി ആക്രമിച്ചിരുന്നു. കഴുത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. ബാബാജി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
സിംഹത്തില്‍ നിന്ന് ജോലിക്കാരനെ മോചിപ്പിക്കാനായി സിംഹത്തിന് നേരെയും വെടിവെച്ചിരുന്നു.സിംഹവും മരണപ്പെട്ടു. ഭക്ഷണം നല്‍കുന്നതിനിടെ സേഫ്റ്റി ഗേറ്റ് തുറന്ന് വെച്ചതാണ് സിംഹം ജോലിക്കാരനെ ആക്രമിക്കാന്‍ കാരണമായതെന്ന് പ്രാദേശിക പോലീസ് വക്താവ് ഒമോലോല ഒടുതോല പറഞ്ഞു. സിംഹത്തെ പരിപാലിക്കാനായി പരിശീലനം ലഭിച്ച വ്യക്തിയായിരുന്നു ബാബാജി.
മൃഗത്തിന് ഭക്ഷണം നല്‍കുന്നതിന് മുന്‍പ് കൂട്ടില്‍ എത്തിയപ്പോള്‍ പൂട്ടുകള്‍ സുരക്ഷിതമാക്കാനും സിംഹത്തിന്റെ ചുറ്റുപാട് അശ്രദ്ധമായി ജോലിക്കാരന്‍ അവഗണിച്ചുവെന്നും അതാണ് അപകടത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി. വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ മാനേജ്‌മെന്റ് മരണപ്പെട്ടയാളുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും ജീവനക്കാരുടെയും സന്ദര്‍ശകരുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. നൈജീരിയയിലെ ഒബാഫെമി അവോലോവോ സര്‍വകലാശാലയില്‍ ഒരു മൃഗശാല സൂക്ഷിപ്പുകാരനെ സിംഹം ആക്രമിച്ച് കൊന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ആണ് ഈ സംഭവം നടക്കുന്നത്.