നടൻ വിനായകൻ തന്റെ കരിയറിൽ ഏറ്റവും ഇഷ്ടപ്പെടുന്ന, ചിരിപ്പിക്കുന്ന അഭിനേതാക്കളെ കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുകയാണ്. ഒക്ടോബർ 4ന് ലോകമാകെ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ‘തെക്ക് വടക്ക്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള അഞ്ജന ടാക്കീസിന് നൽകിയ ഇന്റർവ്യൂവിലാണ് വിനായകൻ ഇക്കാര്യം പറഞ്ഞത്.
“ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും, ചിലർ അഭിനയിപ്പിച്ച് ചിരിപ്പിക്കും. എല്ലാവരും ആക്ടേഴ്സാണ്, കോമഡിക്കാർ, മിമിക്രിക്കാർ, വലിയ അഭിനേതാക്കൾ- ഇതൊന്നുമില്ല. തിലകൻ സാറും ഒടുവിൽ സാറും ഇല്ലെങ്കിൽ, ഇന്ന് നാം സ്റ്റാർസ് എന്ന് വിളിക്കുന്ന ആളുകളാരും ഉണ്ടായിരിക്കില്ല. അത് സത്യം.” -വിനായകൻ പറഞ്ഞു.
കരിയറിൽ തന്നെ ഏറെ സ്വാധീനിച്ച അഭിനയ ശില്പികളായി വിനായകൻ മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, നെടുമുടി വേണു എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞു.
“എനിക്ക് അഭിനയത്തിന്റെ ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞു തന്നത് തിലകൻ സാറും നെടുമുടി വേണു ചേട്ടനുമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോൾ തിലകൻ ചേട്ടൻ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നു. പൊസിഷനിൽ വന്നിരുന്നാൽ തിലകൻ ചേട്ടനെ അവിടെ നിന്ന് മാറ്റില്ല. അപ്പോൾ ഞാനും കൂടെ ഇരുന്നു. തമിഴ് പടം ക്ഷത്രിയനിൽ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞാനപ്പോൾ ചോദിച്ചു. കുറച്ചു ടെക്നിക് എനിക്ക് തിലകൻ ചേട്ടൻ പറഞ്ഞു തന്നു”- വിനായകൻ പറയുന്നു.