Sports

നെയ്മര്‍ അല്‍ ഹിലാലില്‍ നിന്ന് പുറത്തേക്കോ? സാൻ്റോസിലേക്ക് തിരിച്ച് വരുമെന്ന് റിപ്പോർട്ട്

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ 2023 ഒക്‌ടോബർ മുതൽ കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഫുട്ബോളിൽ നിന്നും വിട്ട് നിന്നിരുന്നു. ശേഷം അൽ ഹിലാലുമായുള്ള പരിശീലനത്തിലേക്ക് മടങ്ങിവരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

നെയ്മറിൻ്റെ തിരിച്ചുവരവ് ഇപ്പോഴും ഔദ്യോഗികമായി ക്ലബ്ബ് അറിയിച്ചിട്ടില്ല, തൻ്റെ ടീമംഗങ്ങൾക്കൊപ്പം കഴിഞ്ഞ ഞായറാഴ്ച പരിശീലനം നടത്തുന്ന വീഡിയോ നെയ്മര്‍ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.

എങ്കിലും അൽ ഹിലാലിൽ നെയ്മറുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഫിറ്റ്‌നസിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷ നൽകുന്നതാണെങ്കിലും, സൗദി പ്രോ ലീഗ് ടീമിൽ നെയ്മറിനെ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.

സൗദി അറേബ്യയിലെ നെയ്മറിൻ്റെ കരിയറിനെക്കുറിച്ചും സംശയങ്ങളുണ്ട്. സൗദി പ്രോ ലീഗിൽ ചേർന്നതിന് ശേഷം നെയ്മറുടെ ക്ലബ്ബ് ആയ, അൽ ഹിലാലിലുള്ള കാലാവധി പരിക്കുകൾ കാരണം നഷ്ട്ടമായി. 150 മില്യൺ യൂറോയുടെ വാർഷിക ശമ്പളം ഉണ്ടായിരുന്നിട്ടും, 32-കാരൻ പിച്ചിൽ കാര്യമായ സ്വാധീനം ചെലുത്താൻ പാടുപെടുകയാണ്.

അൽ ഹിലാലുമായി രണ്ട് വർഷത്തേക്ക് ഒപ്പുവെച്ച നെയ്മറിൻ്റെ കരാർ ഈ സീസണിൻ്റെ അവസാനത്തോടെ തീരും. പരിക്കിൻ്റെ പ്രശ്‌നങ്ങളും ഫീൽഡിലെ പരിമിതമായ സംഭാവനകളും കണക്കിലെടുക്കുമ്പോൾ അൽ ഹിലാൽ നെയ്മറുമായി കരാര്‍ നീട്ടാൻ സാധ്യയില്ല.

ഈ സീസണിനപ്പുറം സൗദിയിൽ തുടരാൻ നെയ്മർ തന്നെ തയ്യാറായേക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഊഹാപോഹങ്ങൾ പരന്നിരുന്നു, എന്നാൽ അത്തരമൊരു കാര്യം നടക്കില്ലെന്ന് നെയിമര്‍ തന്നെ അറിയിച്ചു. പകരം, നെയ്മർ തൻ്റെ കരിയർ ആരംഭിച്ച ക്ലബ്ബായ സാൻ്റോസിലേക്ക് മടങ്ങിവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സാൻ്റോസിലേക്കുള്ള ഒരു വൈകാരിക തിരിച്ചുവരവ് നെയ്മറിൻ്റെ കരിയറിലെ അവസാന അധ്യായമായി മാറാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *