CinemaNewsSocial Media

ഹണിമൂണിന് പോയ എ ആർ റഹ്മാൻ മറ്റൊരു മുറിയിൽ

29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വേർപിരിയുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സം​ഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനും. സൈറയാണ് ആദ്യ വിവാഹമോചനം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. വേദനയോടെ എടുത്ത തീരുമാനമാണിതെന്നും പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹാരിക്കാനാകാത്ത അകൽച്ച തങ്ങൾക്കിടയിൽ ഉണ്ടാക്കിയെന്ന് അഭിഭാഷക മുഖേനെ പുറത്ത് വിട്ട പ്രസ്താവനയിൽ സൈറ ബാനു വ്യക്തമാക്കി.

പിന്നാലെ എആർ റഹ്മാന്റെ പ്രസ്താവനയുമെത്തി. വിവാഹജീവിതം മഹത്തരമായ മുപ്പത് വർഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നുന്നെന്ന് എആർ റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനോടനുബന്ധിച്ച് താരങ്ങളെ കുറിച്ചുള്ള പല കഥകളും പുറത്തുവരികയാണ്. സൈറ ബാനുവിന്റെ സഹോദരിയുടെ ഭര്‍ത്താവും നടനുമായ റഹ്‌മാന്‍ മുന്‍പ് താരദമ്പതിമാരുടെ ഹണിമൂണിനെ കുറിച്ച് സംസാരിച്ചിരുന്നു. ഈ വാക്കുകള്‍ വൈറല്‍ ആവുകയാണിപ്പോള്‍.

നടന്‍ റഹ്‌മാന്റെ ഭാര്യ മെഹ്‌റുന്നീസയുടെ ചേച്ചിയാണ് സൈറ ബാനു. മൂത്തസഹോദരിയെക്കാളും മുന്‍പ് മെഹ്‌റുന്നീസ വിവാഹം കഴിക്കുകയായിരുന്നു. ശേഷം ഏതാനും വര്‍ഷങ്ങള്‍ക്ക് പിന്നാലെ സൈറ ബാനുവും എആര്‍ റഹ്‌മാനും തമ്മില്‍ വിവാഹിതരായി. അതുകൊണ്ട് തന്നെ എ ആര്‍ റഹ്‌മാന്റെ വിവാഹത്തില്‍ താന്‍ ഒരു സഹോദരന്റെ റോളില്‍ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തതിനെ കുറിച്ചായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ റഹ്‌മാന്‍ പറഞ്ഞത്.

എ ആര്‍ റഹ്‌മാനെക്കുറിച്ച് പറയുകയാണെങ്കില്‍ ‘അദ്ദേഹം എന്നെക്കാള്‍ ആത്മീയനാണ്, ഞാനും അദ്ദേഹവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഞങ്ങള്‍ എല്ലാ കാര്യത്തിനും വിപരീത ധ്രുവങ്ങളായിരിക്കും. അദ്ദേഹം വളരെ ശാന്തനാണ്. എപ്പോഴും തന്റെ തൊഴിലില്‍ സമര്‍പ്പിതനാണ്. സംഗീതത്തില്‍ ചുറ്റിപ്പറ്റിയാണ് റഹ്‌മാന്റെ ജീവിതം. വിവാഹം കഴിഞ്ഞ ഉടനെ ഹണിമൂണിന് പോയപ്പോള്‍ പുള്ളി ചെയ്ത കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എ ആര്‍ റഹ്‌മാനും സൈറ ബാനും വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഹണിമൂണിനായി പോയി. മലമുകളിലുള്ള ഒരു സ്ഥലത്തേക്കാണ് ഇരുവരും പോയത്.

അന്ന് രാത്രി അവരുടെ സുഖവിവരം അറിയാന്‍ ഞങ്ങള്‍ വിളിച്ചപ്പോള്‍ ചേച്ചി ഉറങ്ങാന്‍ കിടന്നുവെന്നാണ് പറഞ്ഞത്. അപ്പോള്‍ റഹ്‌മാന്‍ എവിടെ പോയെന്ന് ചോദിച്ചപ്പോള്‍ അതേ കുറിച്ച് തനിക്കറിയില്ലെന്നാണ് ചേച്ചി പറഞ്ഞത്. പിന്നീട് റഹ്‌മാനെ അന്വേഷിച്ച് ചെന്നപ്പോഴാണ് മറ്റൊരു മുറിയിലിരുന്ന് എആര്‍ റഹ്‌മാന്‍ സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുകയാണെന്ന് അറിഞ്ഞതെന്നാണ്’ നടന്‍ റഹ്‌മാന്‍ പറഞ്ഞത്. സംഗീതത്തിലൂടെ നിരവധി ആരാധകരുടെ ഹൃദയം കവര്‍ന്ന എ ആര്‍ റഹ്‌മാന്‍ തന്റെ സംഗീത ജീവിതത്തോട് പ്രതിജ്ഞാബദ്ധനാണെന്ന് കാണിച്ച സംഭവമാണെന്നാണ് അന്ന് നടന്‍ പറഞ്ഞത്.

1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റ​ഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സം​ഗീത സംവിധാന രം​ഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. 57 കാരനാണ് എആർ റഹ്മാൻ. കരിയറിൽ ഇന്നും സജീവ സാന്നിധ്യം. ഭാര്യയെ പ്രശംസിച്ച് കൊണ്ട് ചില അഭിമുഖങ്ങളിൽ റഹ്മാൻ നേരത്തെ സംസാരിച്ചിട്ടുണ്ട്.

മകൾ ഖദീജയുമായി ബന്ധപ്പെട്ടുണ്ടായ ചില വിവാദങ്ങൾക്കിടെയാണ് എആർ റഹ്മാന്റെ കുടുംബം വലിയ തോതിൽ വാർത്തയായത്. മതവിശ്വാസത്തിലൂന്നിയ ജീവിതം നയിക്കുന്ന ഖദീജ മുഖം മറച്ചാണ് പൊതുവേദികളിൽ എത്താറ്. ഒരിക്കൽ നിഖാബ് ധരിച്ച് ഖദീജ പിതാവിനൊപ്പം പൊതുവേദിയിൽ എത്തിയപ്പോൾ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. റഹ്മാനും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണവും ഉണ്ടായി. മകളുടെ വ്യക്തിപരമായ തീരുമാനമാണതെന്ന് എആർ റഹ്മാൻ പിന്നാലെ വ്യക്തമാക്കുകയും ചെയ്തു.

സൈറ ബാനുവോ രണ്ടാമത്തെ മകളോ നിഖാബ് ധരിക്കാറില്ല. അ‌ടുത്തിടെയാണ് എആർ റഹ്മാന്റെ സഹോദരിയുടെ മകൻ നടനും സം​ഗീത സംവിധായകനുമായ ജിവി പ്രകാശും ​ഗായിക സൈന്ധവിയും വിവാഹമോചിതരായത്. സിനിമാ, സം​ഗീത ലോകത്ത് നിന്നും അടുത്തിടെ ഒന്നിലേറെ വിവാഹമോചന വാർത്തകൾ പുറത്ത് വന്നു. നടൻ ജയം രവിയും ഭാര്യ ആരതി രവിയും വേർപിരിയുന്ന വാർത്ത വന്ന് കുറച്ച് മാസങ്ങൾക്കുള്ളിലാണ് എആർ റഹ്മാന്റെ വിവാഹ മോചന വാർത്ത വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *