ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാമത് മത്സരത്തിൽ, നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ സമനില നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പോരാട്ടത്തിൽ നിരാശയുണ്ടെന്ന് പരിശീലകൻ മികായേൽ സ്റ്റാറെ. നോർത്തീസ്റ്റിൻ്റെ തട്ടകത്തിൽ നടന്ന കളിയിൽ 1-1 എന്ന സ്കോറിനാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.
മത്സരത്തിന് ശേഷം സംസാരിക്കവെ അവസാന മിനിറ്റുകളിൽ തൻ്റെ താരങ്ങൾ അവസരങ്ങൾ കളഞ്ഞുകുളിച്ചതിലുള്ള അതൃപ്തി സ്റ്റാറെ തുറന്ന് പറഞ്ഞു. ഫൈനൽ തേഡിൽ അവസരങ്ങൾ മുതലാക്കുന്നതിൽ താരങ്ങൾ കുറച്ചുകൂടി കൃത്യത കാണിക്കണമെന്ന് താരങ്ങളോട് സ്റ്റാറെ ആവശ്യപ്പെട്ടു.
“ഫുട്ബോൾ സങ്കീർണമായ ഒരു മത്സരമാണ്, അവിടെ പല സാഹചര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വരും. ഞങ്ങൾ ധാരാളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചു, പ്രത്യേകിച്ചും കളിയുടെ അവസാന മിനിറ്റുകളിൽ. മികച്ച രീതിയിൽ ഫിനിഷ് ചെയ്യുന്നതിന് ഞങ്ങൾ കൂടുതൽ കൃത്യതയുള്ളവരായിരിക്കണം.” സ്റ്റാറെ പറഞ്ഞു.
മാറണം ബ്ലാസ്റ്റേഴ്സ്, വേണം ഒരു ഫിനിഷിങ്ങ് ടച്ച്
മൂന്നു കളിയിൽ 2 ഗോൾ നേടി മൊറോക്കൻ താരം നോവ സദൂയി ബ്ലാസ്റ്റേഴ്സിൻ്റെ നട്ടെല്ലായി മാറിക്കഴിഞ്ഞു. ഡിഫൻസിലെത്തി പന്തെടുത്ത് മധ്യനിരയിലും ഇരുവിങ്ങുകളിലും മാറിമാറിക്കളിക്കുന്ന മുപ്പത്തിയൊന്നുകാരൻ നോവയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ സൂപ്പർതാരം. എഫ്സി ഗോവയിൽ കഴിഞ്ഞ 2 സീസണുകളിലായി 43 കളിയിൽ 23 ഗോൾ നേടിയ നോവ ഇതേ ഫോമിൽ തുടർന്നാൽ ബ്ലാസ്റ്റേഴ്സിന് വലിയ സ്വപ്നങ്ങൾ കാണാം.
നോർത്ത് ഈസ്റ്റ് താരം അലാഡിൻ അജാരിയുമായി കൂട്ടിയിടിച്ച് തലപൊട്ടിയിട്ടും പന്തിൽനിന്നു ടച്ച് വിടാതെ അതുമായി കുതിച്ച നോവയുടെ ഫുട്ബോൾ പ്രണയമാണ് ബ്ലാസ്റ്റേഴ്സിൻ്റെ പ്രതീക്ഷ.
മിലോസ് ഡ്രിൻസിച്ചും പ്രീതം കോട്ടാലും കാക്കുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ വലതുവിങ്ങിലെ വിള്ളലുകൾ കഴിഞ്ഞ കളികളിൽ പ്രകടമായിരുന്നു. വിങ് അറ്റാക്കിനു കൂടി നിയോഗിക്കപ്പെടുന്ന സന്ദീപ് സിങ്ങിന് പ്രതിരോധം വേണ്ടത്രയില്ല.
രണ്ടാംപകുതിയിൽ സന്ദീപിനെ പിൻവലിച്ച് ഹോർമിപാമിനെ കളത്തിലിറക്കാൻ കോച്ച് നിർബന്ധിതനായത് ഇതിനാലാണ്. കളിയിൽ ബ്ലാസ്റ്റേഴ്സിനു പ്രതിരോധത്തിൽ പിഴച്ചതെല്ലാം നോർത്ത് ഈസ്റ്റിനെതിരെ വ്യക്തമായിരുന്നു. 10 പേരിൽ നോർത്ത് ഈസ്റ്റ് ചുരുങ്ങിയപ്പോഴും നല്ല നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിൻ്റെ താരങ്ങൾ നടത്തിയില്ല.