ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇല്ലെന്ന് ഇടത് നേതാവ് കെ ടി ജലീൽ. അതേസമയം രാഷ്ട്രീയത്തിൽ സിപിഐഎം സഹയാത്രികനായി തുടരുമെന്നും ജലീൽ വ്യക്തമാക്കി. പുതിയ തലമുറയ്ക്ക് ഒഴിഞ്ഞുകൊടുക്കാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ പ്രകാശനം ചെയ്യാനിരിക്കുന്ന സ്വർഗ്ഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകത്തിലാണ് ജലീൽ ഇക്കാര്യം പറയുന്നത്.
അതേസമയം ഇടത് മുന്നണിയിൽ കോടിയേരി ബാലകൃഷ്ണൻ നൽകിയ പിന്തുണയും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ സ്മരിച്ചു. കോടിയേരി പാർട്ടിയുടെ പരിച ആയിരുന്നുവെന്നും വാളാകാൻ ആർക്കും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണമെന്നും ഇപ്പോൾ വിരമിക്കൽ മൂഡിലാണെന്നും ജലീൽ പറയുന്നു.
നാളെ പ്രകാശനം നിശ്ചയിച്ചിരിക്കുന്ന സ്വർഗ്ഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകം രാഷ്ട്രീയ ഗുരു കൊരമ്പയിൽ അഹമ്മദാജിക്കും കോടിയേരിക്കുമാണ് സമർപ്പിക്കുന്നതെന്നും ജലീൽ വ്യക്തമാക്കി. സിപിഎം നേരിടുന്ന പ്രതിസന്ധിയിൽ പാർട്ടിയെ സംരക്ഷിക്കാൻ കോടിയേരിക്ക് കഴിയുമായിരുന്നു എന്ന സൂചനയും അദ്ദേഹം പോസ്റ്റിൽ നൽകുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമദിനമാണിന്ന്.
കെടി ജലീൽ അൻവറിനൊപ്പം പാർട്ടി വിടുമെന്ന അഭ്യുഹങ്ങൾ പരക്കുന്നതിനിടെയാണ് ജലീൽ പാർട്ടിക്കൊപ്പമെന്ന് പ്രഖ്യാപിച്ച് രംഗത്ത് എത്തുന്നത്. നാളെ പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകം പബ്ലിഷ് ചെയ്യുന്നത് കൈരളി ബുക്‌സാണ്.
ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ;
കോടിയേരിയുടെ സ്മരണകൾക്ക് മരണമില്ല. കോടിയേരിയില്ലാത്ത രണ്ടു വർഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്. വാളാകാൻ എല്ലാവർക്കും കഴിയും. തൻ്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവ്വം വ്യക്തികൾക്കേ കഴിയൂ. അവരിൽ ഒരാളായാണ് കോടിയേരിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്. നാളെ പ്രകാശിതമാകുന്ന “സ്വർഗ്ഗസ്ഥനായ ഗാന്ധിജി” എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത് രണ്ടുപേർക്കാണ്. എന്നെ ഞാനെന്ന രാഷ്ട്രീയക്കാരനായി രൂപപ്പെടുത്തിയ കൊരമ്പയിൽ അഹമ്മദാജിക്കും ഇടതുചേരിയിൽ എനിക്ക് ഈർജ്ജം പകർന്ന കോടിയേരി ബാലകൃഷ്ണനുമാണ്. ആ സമന്വയം തീർത്തും യാദൃശ്ചികമാണ്. സഖാവെ, ലാൽസലാം. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.