ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് മൂന്ന് ബില്ലുകൾക്കൊരുങ്ങി കേന്ദ്രം

രണ്ട് ഭരണഘടനാ ഭേദഗതി ഉൾപ്പെടെ 3 ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ ശ്രമം. ഭേദഗതികൾ പാസ്സാക്കിയെടുക്കുക അത്ര എളുപ്പമല്ല

രാജ്യത്ത് ഒന്നിച്ചു തിരഞ്ഞെടുപ്പുകൾ നടത്തുവാൻ ആവശ്യമായിട്ടുള്ള ഭരണഘടന ഭേദഗതികൾക്കുള്ള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചതായി വിവരം. രണ്ട് ഭരണഘടനാ ഭേദഗതി ഉൾപ്പെടെ 3 ബില്ലുകൾ അവതരിപ്പിക്കാനാണ് സർക്കാർ ശ്രമം. ബില്ലുകൾ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സാധ്യത. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ശുപാർശ പ്രകാരം ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം ഘട്ടംഘട്ടമായി നടത്താനുള്ള സർക്കാരിൻ്റെ പദ്ധതി നടപ്പാക്കുന്നതിനുള്ളവയാണ് ഇവ. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനും പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കാനും കോവിന്ദ് കമ്മിറ്റി നിർദേശിച്ചിരുന്നു.

രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകളിലൂടെ 15 ഭരണഘടനാ ഭേദഗതികൾ നടപ്പാക്കാൻ ശുപാർശ ചെയ്തിരുന്നു. 2029 മുതൽ കോവിന്ദ് കമ്മിറ്റി നിർദ്ദേശം നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ, 17 സംസ്ഥാനങ്ങൾക്ക് മൂന്ന് വർഷത്തിൽ താഴെ മാത്രമേ നിയമസഭകളുടെ കാലാവധി ഉണ്ടാകൂ.

മൂന്ന് ആർട്ടിക്കിളുകളിലെ ഭേദഗതികൾ, നിലവിലുള്ള ആർട്ടിക്കിളുകളിൽ 12 പുതിയ ഉപവകുപ്പുകൾ ചേർക്കൽ, നിയമനിർമ്മാണ സമ്മേളനങ്ങളുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ തിരുത്തൽ എന്നിങ്ങനെ ആകെ 18 ഉൾപ്പെടുത്തലുകൾ സമിതി ശുപാർശ ചെയ്തിരുന്നു.

അതേസമയം, ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കുന്നതിനായി, സഭയുടെ മൂന്നിൽ രണ്ട് ഭാഗത്തിലും കുറയാത്ത പ്രത്യേക ഭൂരിപക്ഷം ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

സഭയിൽ എൻഡിഎയ്ക്ക് 292 അംഗങ്ങൾ മാത്രമാണെങ്കിലും സർക്കാരിന് 362 അംഗങ്ങളുടെ ഭൂരിപക്ഷ പിന്തുണ ആവശ്യമാണ്. മിക്ക പ്രതിപക്ഷ പാർട്ടികളും ബിജെഡി പോലുള്ള ‘നിഷ്പക്ഷ’ പാർട്ടികളും ബില്ലിനെ എതിർത്തതിനാൽ, പാർലമെന്റിൽ ഭരണഘടനാ ഭേദഗതികൾ പാസ്സാക്കിയെടുക്കുക അത്ര എളുപ്പമല്ല.

കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം, നിർദ്ദിഷ്ട ബിൽ ‘നിയമിച്ച തീയതി’യുമായി ബന്ധപ്പെട്ട ഉപവകുപ്പ് (1) ചേർത്ത് ആർട്ടിക്കിൾ 82 എ ഭേദഗതി ചെയ്യാനാണ് ശ്രമം. പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താനും ലോക്‌സഭയുടെയും നിയമസഭയുടെയും കാലാവധി ഒരുമിച്ച് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് ആർട്ടിക്കിൾ 82 എയിൽ ഉപവകുപ്പ് (2) ഉൾപ്പെടുത്തിയേക്കും. ആർട്ടിക്കിൾ 83(2) ഭേദഗതി ചെയ്യാനും ലോക്‌സഭയുടെ കാലാവധിയും പിരിച്ചുവിടലും സംബന്ധിച്ച പുതിയ ഉപവകുപ്പുകൾ (3), (4) എന്നിവ ഉൾപ്പെടുത്താനും ബിൽ നിർദ്ദേശിക്കുന്നു.

നിയമസഭകളുടെ പിരിച്ചുവിടലും ആർട്ടിക്കിൾ 327 ഭേദഗതി ചെയ്ത് ‘ഒരേസമയം തിരഞ്ഞെടുപ്പ്’ എന്ന പദം ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഇതിലുണ്ട്. ഈ ബില്ലിന് കുറഞ്ഞത് 50% സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല.

അതേസമയം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും വിന്യസിക്കുന്നത് സംബന്ധിച്ച് പ്രതിപാദിക്കുന്ന നിർദ്ദിഷ്ട ഭരണഘടനാ ഭേദഗതി ബില്ലുകളിൽ ഒന്നിന് കുറഞ്ഞത് 50% സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.

രണ്ടാമത്തെ ഭരണഘടനാ ഭേദഗതി ബില്ലിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ സർക്കാർ സർക്കാർ ശ്രമം ഉണ്ടായിരിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ചാണ് ഇതിൽ തീരുമാനമെടുക്കുക.

പുതിയ ആർട്ടിക്കിൾ 324 എ ഉൾപ്പെടുത്തി ലോക്‌സഭാ, സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കൊപ്പം മുനിസിപ്പാലിറ്റി- പഞ്ചായത്തുകളിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള വ്യവസ്ഥകളും രണ്ടാമത്തെ ബിൽ സൃഷ്ടിക്കും.

പുതുച്ചേരി, ഡൽഹി, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ബന്ധപ്പെട്ടതാണ് മൂന്നാമത്ത ബില്ല്. ഇതിന് ഭരണഘടനാ ഭേദഗതി ബില്ല് ആവശ്യമില്ല. ഗവൺമെൻ്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ആക്‌ട്-1991, ഗവൺമെൻ്റ് ഓഫ് യൂണിയൻ ടെറിട്ടറി ആക്‌ട്-1963, ജമ്മു കശ്മീർ പുനഃസംഘടന നിയമം-2019 എന്നിവയാണ് ഭേദഗതി ചെയ്യാൻ നിർദ്ദേശിക്കുന്ന ചട്ടങ്ങൾ. നിലവിലുള്ള നിയമങ്ങൾ വെട്ടിക്കുറയ്ക്കാനും മാറ്റങ്ങൾ വരുത്താവുനും സമിതി നിർദ്ദേശിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments