മൈനാ​ഗപ്പള്ളി അപകടം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

Mainagappally accident sreekutty and Ajmal

കൊല്ലം മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാറടിച്ച് വീഴ്ത്തി ദേഹത്തൂടെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് പ്രതിയുള്ളത്.

കരുനാഗപ്പള്ളി സ്വദേശി അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്റായിരുന്ന ശ്രീക്കുട്ടിയും സഞ്ചരിച്ച കാര്‍ കുഞ്ഞുമോളും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു.

കാറോടിച്ച അജ്മലിനെതിരെ നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിന്‍റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പ്രേരണ കുറ്റം ചുമത്തിയത്. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിഭാഗം ജില്ലാ സെഷന്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വാദം കേട്ടു. രണ്ടാം പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നതടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

പ്രതികളുടെ പരസ്പര വിരുദ്ധ മൊഴിയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാം പ്രതി അജ്മല്‍ ഉടന്‍ ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കും. അജ്മലിന്‍റെ ജാമ്യ നീക്കവും ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments